കൊച്ചി: ശനിയാഴ്ചകളിലെ സായാഹ്നങ്ങളിൽ പാരീസിലെ തെരുവീഥികൾ കലാകാരൻമാർ കൈയടക്കും. ഗിറ്റാറും വയലിനുമായി ഒരു സംഘം. മ്യൂസിക് ബാൻഡുമായി അരങ്ങുതകർക്കുന്ന മറ്റൊരു കൂട്ടം. പുലരും വരെ നീളുന്ന കലാപരിപാടികൾ, മുഷിപ്പില്ലാതെ കണ്ടിരിക്കുന്ന ആരാധകവൃന്ദം. സൗത്ത് ജോസ് ജംഗ്‌ഷനിലെ ഓപ്പൺ പ്ളാസ കലാകാരൻമാർക്കായി തുറന്നുകൊടുക്കുന്നതോടെ ഫ്രാൻസിലെ ഈ ആഘോഷരാവുകൾ കൊച്ചിക്കാർക്കും സ്വന്തമാകും.

കേരളത്തിൽ ആദ്യമായാണ് നഗരഹൃദയത്തിൽ തുറസായ വേദി ഒരുങ്ങുന്നത്. അടുത്തകാലം വരെ മെട്രോയുടെ നിർമ്മാണാവശിഷ്ടങ്ങൾ നിറഞ്ഞുകിടന്ന സ്ഥലമാണ് കലാകേന്ദ്രമായി രൂപം മാറുന്നത്. മെട്രോയുടെ തണലിൽ പകൽ ഇവിടെ സുഹൃത്തുക്കളുടെ കൂടെ സൊറ പറഞ്ഞിരിക്കാം. സന്ധ്യ മയങ്ങിയാൽ വിശാലമായ വേദി കലയുടെ പൂരപ്പറമ്പായി മാറും. ഒരു പരവതാനി വിരിച്ചാൽ പരുപരുത്ത വേദി കാൽപ്പാദങ്ങൾക്ക് പൂമെത്തയാകും. നാടകം, സിനിമ, സംഗീതമേളകൾ തുടങ്ങി ഏതു പരിപാടികൾക്കും വേദിയെ പ്രയോജനപ്പെടുത്താം. നഗരത്തിന്റെ ഒത്ത നടുക്കായതിനാൽ ഒരിക്കലും കാണികൾക്ക് പഞ്ഞമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ അനുഗ്രഹം.

# മെട്രോയുടെ പുതിയ കാൽവെപ്പ്

കെ.എം.ആർ.എല്ലിന്റെ ഉടമസ്ഥതയിലുള്ള 33 സെന്റ് സ്ഥലത്തിൽ നിന്നൊരു ഭാഗമാണ് ഓപ്പൺ പ്ളാസയായി മാറുന്നത്. നഗരത്തിൽ സുരക്ഷിതവും കാൽനട സൗഹൃദവുമായ നടപ്പാതകളും തുറസായ ഇടങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി കൊച്ചി സമാർട്ട് സിറ്റി ലിമിറ്റഡ് (സി.എസ്.എം.എൽ) ആണ് നിർമ്മാണം ഏറ്റെടുത്തത്. അനധികൃത പാർക്കിംഗ് തടയുന്നതിന് പ്ളാസയ്ക്ക് ചുറ്റുമുള്ള ഭാഗം ഇപ്പോൾ ഉയർത്തികെട്ടുകയാണ്. ഇരിപ്പിടങ്ങളുടെ അവസാന മിനുക്കുപണികൾ നടന്നുവരുന്നു. അതുകൂടി കഴിഞ്ഞാൽ ഓപ്പൺപ്ളാസ കെ.എം.ആർ.എല്ലിന് കൈമാറും.

കലാരൂപങ്ങളെ അടച്ചിട്ട മുറിയിൽ നിന്ന് പൊതു ഇടത്തിലേക്ക് കൊണ്ടു വരിയാണ് ലക്ഷ്യമെന്ന് സി.എസ്.എം.എൽ വക്താവ് പറഞ്ഞു.

250 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയാണ് നിർമ്മിക്കുന്നത്. പിന്നാലെ വരുന്നവർക്ക് നിന്നോ, തറയിൽ ഇരുന്നോ പരിപാടികൾ ആസ്വദിക്കാം. ഓപ്പൺപ്ളാസയിൽ ആദ്യ സംഗീതപരിപാടി കഴിഞ്ഞ ശനിയാഴ്ച അരങ്ങേറി. കൊച്ചി നഗരസഭയുടെ സഹകരണത്തോടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പരിപാടി അവതരിപ്പിച്ചത്.

# കൈയേറ്റങ്ങൾ അനുവദിക്കില്ല

ഓപ്പൺപ്ളാസ പോലുള്ള സ്‌ഥലങ്ങളിൽ തെരുവ് കച്ചവടക്കാരുടെ കൈയേറ്റങ്ങൾ അനുവദിക്കില്ല. പൊതുയിടങ്ങൾ കൂടുതലായി നിർമ്മിക്കാൻ കോർപ്പറേഷൻ മുൻകൈയെടുക്കും

സൗമിനി ജെയിൻ, മേയർ

# പ്രതിഷേധം വേണ്ട

ഹൈക്കോടതി കവലയിലെ വഞ്ചി സ്ക്വയർ പോലെ ഇവിടെ പ്രതിഷേധ പരിപാടികൾ അനുവദിക്കില്ല. കലാപരിപാടികൾ മാത്രം മതിയെന്നാണ് തീരുമാനം. അതിന് നിശ്ചിത തുകയും ഈടാക്കും. തുക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

കെ.എം.ആർ.എൽ വക്താവ്