കൊച്ചി: മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ മർദ്ദനമേറ്റ് മരിച്ച കേസിൽ പ്രതികളായ രണ്ടു പൊലീസുകാരുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി അഞ്ചു വർഷമായി കുറച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി രാജേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തൃക്കടവൂർ കോട്ടയ്ക്കകം മഠത്തിൽ പുത്തൻവീട്ടിൽ എസ്. ജയകുമാർ, ഇരവിപുരം ആക്കോലിൽ താന്നോലിൽ വീട്ടിൽ എം. വേണുഗോപാൽ എന്നിവരുടെ ജീവപര്യന്തം ഡിവിഷൻ ബെഞ്ച് വെട്ടിക്കുറച്ചത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജഹാൻ എന്നയാളുടെ മൊബൈൽ ഫോൺ മോഷണം പോയ കേസിൽ 2005 ഏപ്രിൽ ആറിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് രാജേന്ദ്രനെ പിടികൂടിയത്. സ്റ്റേഷനിൽ ക്രൂര മർദ്ദനമേറ്റതിനെ തുടർന്ന് രാജേന്ദ്രൻ മരിച്ചെന്നാണ് കേസ്. 2014 നവംബറിൽ കൊല്ലം അഡി. സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷയും ഒാരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.