dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജനുവരി 30 ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങും. ഏപ്രിൽ ഏഴുവരെയാണ് ആദ്യഘട്ട സാക്ഷി വിസ്താരം. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ യുവ നടിയെയാണ് ആദ്യം രഹസ്യ വിചാരണയിൽ വിസ്തരിക്കുക. നടൻ ദിലീപ് ഉൾപ്പെടെ കേസിലെ 10 പ്രതികളും വിചാരണയ്ക്ക് ഹാജരാകണം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷനും പ്രതിഭാഗവും വിചാരണ നടത്താൻ വ്യത്യസ്ത തീയതികൾ നിർദ്ദേശിച്ചതോടെയാണ് കോടതി തീയതി നിശ്ചയിച്ചത്. കുറ്റപത്രം സമർപ്പിച്ചതിനൊപ്പം പൊലീസ് 359 സാക്ഷികളുടെ പട്ടികയാണ് സമർപ്പിച്ചത്. ഇവരിൽ പ്രോസിക്യൂഷൻ നിർദ്ദേശിക്കുന്ന സാക്ഷികളെ മാത്രമാണ് വിസ്തരിക്കുക. ഇതിനു ശേഷം പ്രതിഭാഗത്തിന്റെ സാക്ഷികളെ വിസ്തരിക്കും. 616 രേഖകളും 250 തൊണ്ടിമുതലുകളും വിചാരണയുടെ ഭാഗമായി പരിശോധിക്കും.

2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് കുറ്റം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് 2017 ജൂലായ് പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തു. നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ ആദ്യ പ്രതികൾ ദിലീപിനെ ജയിലിൽ നിന്ന് ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് കേസിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. വിചാരണയിൽ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞാൽ കുറ്റകൃത്യം ചെയ്തവർക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ദിലീപിനും ലഭിക്കും.

 വിചാരണ നിറുത്തിവയ്ക്കാൻ ഹർജി

നടിയെ ആക്രമിച്ച കേസിലെ നിർണായക ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതുവരെ വിചാരണ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയിൽ ഹർജി നൽകി. സുപ്രീം കോടതിയുടെ അനുമതിയോടെ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സാന്നിദ്ധ്യത്തിൽ ദിലീപ് ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്ന് ഇവ സെൻട്രൽ ഫോറൻസിക് ലാബിന്റെ പരിശോധനയ്ക്ക് വിടാൻ അപേക്ഷ നൽകി. ഇതിന്റെ ഫലം വരുന്നതുവരെ വിചാരണ നിറുത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. അതേസമയം കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്.