കൊച്ചി: കാലാവസ്ഥാവ്യതിയാനം, സമുദ്രവിഭവങ്ങളുടെ ശോഷണം, മലിനീകരണം, ആവാസവ്യവസ്ഥയുടെ തകർച്ച തുടങ്ങിയവ സമുദ്രമത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിദഗ്ദ്ധർ. പ്രതികൂല കാലാവസ്ഥ മാത്രമല്ല, അശാസ്ത്രീയമായ രീതിയിലുള്ള മാനുഷിക ഇടപെടലും സമുദ്ര ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുന്നുണ്ട്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ആരംഭിച്ച രാജ്യാന്തര മറൈൻ സിമ്പോസിയത്തിലാണ് നിരീക്ഷണം. മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എം.ബി.എ.ഐ) യാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.

സുസ്ഥിരത കൈവരിച്ചാൽ മാത്രമേ ഇന്ത്യയിലെ സമുദ്രമത്സ്യ മേഖല സാമ്പത്തികമായി കൂടുതൽ ലാഭകരമാകൂവെന്ന് സിമ്പോസിയം ഉദ്ഘാടനം ചെയ്ത ഫിൻലാൻഡിലെ നാച്ചുറൽ റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പെട്രി സ്യുറോണൻ പറഞ്ഞു.

സർക്കാർ ഏജൻസികൾ, മത്സ്യത്തൊഴിലാളികൾ, ഗവേഷകർ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ മത്സ്യമേഖലയിൽ സുസ്ഥിരത കൈവരിക്കാനാകും. ഇക്കാര്യത്തിൽ ഇന്ത്യക്ക് യൂറോപ്യൻ മാതൃക സ്വീകരിക്കാം. മത്സ്യോത്പാദനം കുറയുകയും സാമ്പത്തിക പ്രതിസന്ധിയും വന്നപ്പോൾ കൃത്യമായ പരിപാലനരീതികളിലൂടെ പരിഹരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. മത്സ്യോത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ കാർബൺ വാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കുകയും ബദൽ ഊർജസ്രോതസുകൾ വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൺ അദ്ധ്യക്ഷത വഹിച്ചു. വർദ്ധിച്ചുവരുന്ന മലിനീകരണവും പ്രതികൂല കാലാവസ്ഥകളും കടലിലെ ആവാസവ്യവസ്ഥകളുടെയും തകർച്ചയ്ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.

സമുദ്രമത്സ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് എം.ബി.എ.ഐ ഏർപ്പെടുത്തിയ ഡോ. ജോൺസ് പുരസ്‌കാരം ചെന്നൈ ചെട്ടിനാട് സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. ബാലസുബ്രമണ്യന് സമ്മാനിച്ചു. ഈജിപ്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനാഗ്രഫി ആൻഡ് ഫിഷറീസ് ഡയറക്ടർ പ്രൊഫ. സഹർ ഫഹ്മി മെഹന്ന, ഡോ. കെ. സുനിൽ മുഹമ്മദ്, ഡോ. വി. കൃപ എന്നിവർ പ്രസംഗിച്ചു.

കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള തുടങ്ങി


നീരാളി വിഭവങ്ങൾ, കല്ലുമ്മക്കായ നിറച്ച് പൊരിച്ചത്, ചെമ്മീൻ, കൂന്തൽ, ഞണ്ട് രുചിക്കൂട്ടുകൾ, ജീവനുള്ള കടൽ മുരിങ്ങ എന്നിവ ലഭിക്കുന്ന കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള സി.എം.എഫ്.ആർ.ഐയിൽ ഇന്നലെ ആരംഭിച്ചു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെയാണ് മേള.

നീരാളിയുടെ ബിരിയാണി, പുട്ട്, റോസ്റ്റ്, മൊമോ തുടങ്ങിയ വിഭവങ്ങൾ മേളയിൽ ലഭിക്കും. കല്ലുമ്മക്കായ നിറച്ച് പൊരിച്ചത്, കൂന്തൽ റോസ്റ്റ്, ചെമ്മീൻ ബിരിയാണി എന്നിവയും ആസ്വദിക്കാം. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള മീൻവിഭവങ്ങളും ലഭിക്കും. ചൂര കൊണ്ടുള്ള ദ്വീപ് വിഭവങ്ങൾ പ്രശസ്തമാണ്.
ഔഷധമൂല്യമുള്ള കടൽമുരിങ്ങ ജീവനോടെ കഴിക്കാനും അവസരമുണ്ട്. പാകം ചെയ്യാൻ വിധത്തിൽ കഴുകി ശുദ്ധീകരിച്ച നല്ലയിനം ഞണ്ടിറച്ചിയും കൃഷിയിലൂടെ വിളവെടുത്ത ജീവോനോടെയുള്ള മീനുകളും ലഭിക്കും. പ്രവേശനം സൗജന്യമാണ്.