ആകെ നിറയ്ക്കുന്നത് 1310 കിലോ സ്ഫോടക വസ്തുക്കൾ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ള വീടുകളിൽ സാങ്കേതിക സമിതിയോഗം സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്തി. മുമ്പ് നടത്തിയ എട്ടു വീടുകൾക്ക് പുറമെ ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും ചെറിയ വീടുകളിലുമാണ് ഓഡിറ്റിംഗ് നടത്തിയത്. റിപ്പോർട്ട് നാളെ സമർപ്പിക്കും.
സ്ഫോടകവസ്തു നിറയ്ക്കൽ ഇന്ന് തീരും
പൊളിക്കുന്ന മൂന്ന് ഫ്ലാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാകും. ഗോൾഡൻ കായലോരം ഫ്ലാറ്റിൽ 15 കിലോ സ്ഫോടക വസ്തുക്കൾ 9, 10 തിയതികളിലാണ് നിറയ്ക്കുക. സ്ഫോടനത്തിനായി ആവശ്യമുള്ള ഇലക്ട്രിക് ഡിറ്റണേറ്ററുകൾ സ്ഫോടനത്തിന്റെ തലേദിവസം ഘടിപ്പിക്കും. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കാനും കൗൺസിലർമാർക്ക് നിർദ്ദേശങ്ങൾ നൽകാനും ഇന്നലെ മരട് കൗൺസിൽ യോഗം ചേർന്നു.
ജനപ്രവാഹം
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരട് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ ഇനി വെറും മൂന്ന് ദിവസം മാത്രം. നെഞ്ചിടിപ്പോടെയാണ് മരട് നിവാസികളും കൊച്ചി നഗരവും ഫ്ലാറ്റ് പൊളിക്കലിനായി കാത്തിരിക്കുന്നത്. കിലോക്കണക്കിന് എമൽഷൻ എക്സ്‌പ്ളോസീവ്സ് ഉപയോഗിച്ച് വലിയ നാല് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് കാണാൻ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ കൊച്ചിയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. കാണികൾക്ക് സുരക്ഷിത സ്ഥാനങ്ങൾ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് അധികൃതർ.
പ്രകമ്പനം അളക്കും, കാറിലിരുന്ന്
മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർത്തു വീഴ്‌ത്തുമ്പോൾ സംഭവിക്കുന്ന ആഘാതം ശാസ്ത്രീയമായി പഠിക്കും. ചെന്നൈ ഐ.ഐ.ടിയിൽ നിന്നെത്തുന്ന സംഘമാണ് ചതുപ്പ് പ്രദേശത്തുണ്ടാകുന്ന ആഘാതം മനസിലാക്കാൻ എത്തുന്നത്. വ്യാഴാഴ്ച സംഘം കൊച്ചിയിലെത്തും.
ഭൂമിയിലുണ്ടാകുന്ന പ്രകമ്പനത്തോത് അളക്കാൻ ആക്സിലറോമീറ്റർ പത്തിടങ്ങളിൽ സ്ഥാപിക്കുന്ന നടപടി സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഐ.ഐ.ടി സംഘം ചെന്നൈയിൽ നിന്ന് നൽകുന്ന നിർദ്ദേശം അനുസരിച്ചാണ് ആക്സിലറോമീറ്ററുകൾ സ്ഥാപിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് ചുറ്റും പത്തിടങ്ങളിലായാണ് ഇവ സ്ഥാപിക്കുക. പത്ത് യന്ത്രങ്ങളെ നിയന്ത്രിക്കാനുള്ള സോഫ്‌റ്റ്‌വെയറുകൾ രണ്ട് കാറുകളിലാണ് സ്ഥാപിക്കുക. ആറ് യന്ത്രങ്ങളെ ഒരു കാറിലും മറ്റ് നാല് യന്ത്രങ്ങളെ മറ്റൊരു കാറിലുമാണ് നിയന്ത്രിക്കുക. ഐ.ഐ.ടി സംഘം കാറിലിരുന്നാവും നിരീക്ഷണം നടത്തുക.
ഫ്ലാറ്റുകൾ നിൽക്കുന്ന മരട് പ്രദേശത്തിന്റെ നിയന്ത്രണം രണ്ടുദിവസത്തിനുള്ളിൽ പൊലീസ് ഏറ്റെടുക്കും.