മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്തവരുൾപെടെ ഒളിച്ചോടി പോകുന്ന കമിതാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ കൗൺസിലിംഗുമായി മൂവാറ്റുപുഴ പൊലീസ്. മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം പേരാണ് പ്രണയിച്ച് നാടും വീടും ഉപേക്ഷിച്ച് ഒളിച്ചോടിയത്.

നവംബർ മാസത്തിൽ മാത്രം എട്ടോളം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.ഇത് കുറക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സ്‌കൂൾതലത്തിൽത്തന്നെ കുടുംബസാമൂഹിക മൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാൻ പൊലീസ് പദ്ധതി തയ്യാറാക്കി വരികയാണന് എസ്‌.ഐ, ടി.എം.സൂഫി പറഞ്ഞു.

നവമാധ്യമങ്ങളുടെ സ്വാധീനമാണ് കുട്ടികളിലെ ഒളിച്ചോട്ടങ്ങൾ വർധിച്ചിരിക്കുവാൻ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഒളിച്ചോടി പോകുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 60 %

പ്രതിമാസം ശരാശരി 6 കേസുകൾ

കഴിഞ്ഞ വർഷം 92 കേസുകൾ

കൗൺസിലിംഗ് സെന്റർ തുറന്നു

16 ഉം 17 ഉം വയസു മാത്രം പ്രായമുള്ള പ്ലസ് ടു വിദ്യാർത്ഥികളടക്കമുള്ളവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ കൗൺസിലിംഗ് സെന്റർ തുറന്നിരിക്കുന്നത് .

ഒളിച്ചോട്ടത്തിന് കാരണം

നവമാധ്യമങ്ങളുടെ സ്വാധീനം

വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ കൈവശം ആധുനിക സൗകര്യങ്ങളോടെയുള്ള ഫോണുകളാണുള്ളത്. വാട്‌സ് ആപ്പ്, ഫെയ്‌സു ബുക്ക് സംവിധാനങ്ങളും എല്ലാവർക്കുമുണ്ട്.

വിദ്യാർത്ഥികൾക്കിടയിൽ ഇതിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ഇതിനു പരിഹാരമാകുമെന്നും പൊലീസ് പറയുന്നു. ടിക് ടോക് വീഡിയൊ കണ്ട് അഭിനന്ദനമറിയിച്ച യുവാവിനൊപ്പം, കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങി പോയ വീട്ടമ്മയെ ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ യുവാവ് ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്‌റ്റേഷനിൽ അഭയം തേടിയ യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി പൊലീസ് സംസാരിച്ചങ്കിലും ഇവർ സ്വീകരിക്കാൻ തയ്യാറായില്ല. കാമുകനെ വിളിച്ചങ്കിലും ഇയാളും ഒഴിവായി. ഒടുവിൽ സമീപ പട്ടണത്തിലെ അഗതിമന്ദിരത്തിൽ പൊലീസ് ഇവരെ കൊണ്ടാക്കുകയായിരുന്നു.