കൊച്ചി: മുത്തൂറ്റ് ഫാനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടറിനെതിരായ ആക്രമണത്തെ ഫെഡറേഷൻ ഒഫ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) അപലപിച്ചു.
മുത്തൂറ്റിന്റെ കേരളത്തിലെ ഓഫീസുകൾക്ക് മുന്നിൽ പ്രമുഖ യൂണിയൻ നടത്തുന്ന ഉപരോധത്തിൽ വ്യവസായ വാണിജ്യ സമൂഹത്തിന് ആശങ്കയുണ്ടെന്ന് ഫിക്കി സ്റ്റേറ്റ് കോ ചെയർമാൻ ദീപക് എൽ അസ്വാനി പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിന് സർക്കാർ പരിഷ്‌കരണ നടപടികൾ ആവിഷ്‌കരിക്കുകയും ആഗോള നിക്ഷേപക സംഗമം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനിടയുണ്ടായ ആക്രമം നിക്ഷേപകർക്കും വ്യാപാര വ്യവസായ സംരംഭകർക്കും തെറ്റായ സന്ദേശമാണ് നൽകുക.
ഹൈക്കോടതി വിധിയനുസരിച്ച് ജീവനക്കാർക്ക് മതിയായ പോലീസ് സംരക്ഷണം ലഭ്യമാക്കാൻ നടപടിയുണ്ടാകണം. ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.