കൊച്ചി: ഒന്നാം തിയതി മദ്യഷാപ്പുകൾ അടച്ചിട്ട് 'ഡ്രൈ ഡേ' നടപ്പിലാക്കിയത് പിൻവലിച്ചാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി അറിയിച്ചു. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം ജനദ്രോഹമാണ്. ജനളെക്കാൾ മദ്യമുതലാളിമാരുടെ താത്പര്യങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. കുടുംബങ്ങൾ മുടിഞ്ഞാലും സമൂഹങ്ങൾ തകർന്നാലും മദ്യമുതലാളിമാരുടെ ഖജനാവ് നിറയണമെന്ന ചിന്ത ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ കടുത്ത ജനവഞ്ചനയും കാപട്യവുമാണ് മദ്യനയത്തിൽ പുലർത്തുന്നത്.
സർക്കാർ നീക്കത്തിനെതിരെ 21 ന് ഉച്ചയ്ക്ക് 2.30 ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ കവലയിൽ സൂചനാ നില്പ് സമരം നടത്തും.
സമ്മേളനം സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു.