കൊച്ചി: മറൈൻഡ്രൈവിന് സമീപത്തെ അപ്പാർട്ട്മെന്റുകളിൽ നിന്ന് കായലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന പൈപ്പുകൾ അടയ്ക്കുന്ന ജോലികൾ മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ഇതുവരെ 30 എണ്ണം സിമന്റിട്ട് അടച്ചെന്നും കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. മറൈൻഡ്രൈവിന്റെ നവീകരണത്തിന് ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് രഞ്ജിത്ത്. ജി. തമ്പി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ടി.പി. ജനാർദ്ദനൻ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മറൈൻഡ്രൈവിന്റെ പരിസരത്ത് 19 അപ്പാർട്ട്മെന്റുകളും കൊമേഴ്സ്യൽ കെട്ടിടങ്ങളുമുണ്ട്. ഈ അപ്പാർട്ട്മെന്റുകളെ കായലുമായി ബന്ധിപ്പിക്കുന്ന 65 ഔട്ട്ലെറ്റുകൾ നഗരസഭ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒരു അപ്പാർട്ട്മെന്റിൽ നിന്ന് കായലിലേക്ക് നീളുന്ന കനാലിലേക്ക് 14 അനധികൃത പൈപ്പുകൾ കണ്ടെത്തിയിരുന്നു. ഇവ സിമന്റുപയോഗിച്ച് അടച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മറുപടി സത്യവാങ്മൂലത്തിൽ നിന്ന് :

 നഗരസഭയുടെ 67-ാം വാർഡിലുള്ള മറൈൻഡ്രൈവ് ജി.സി.ഡി.എയുടെ നിയന്ത്രണത്തിലാണ്

 കോർപ്പറേഷൻ നിർമ്മിക്കുന്ന കെട്ടിടത്തെ വാക്ക് വേയിൽ നിന്ന് മറയ്ക്കാൻ സ്ക്രീൻ സ്ഥാപിച്ചു

 മറൈൻഡ്രൈവിലെ മാലിന്യനീക്കത്തിന് ജി.സി.ഡി.എയാണ് കരാർ നൽകിയിട്ടുള്ളത്

 ഈ മേഖലയിലെ മാലിന്യനീക്കത്തിന് ജി.സി.ഡി.എയുമായി നഗരസഭ കരാർ ഉണ്ടാക്കിയിട്ടില്ല

 ഡസ്റ്റ് ബിൻ സ്ഥാപിക്കേണ്ടത് ജി.സി.ഡി.എയാണ്

വഴിയിൽ കുന്നുകൂടിയ മാലിന്യങ്ങൾ ഹൈക്കോടതി നിർദ്ദേശാനുസരണം നീക്കി

 സ്വീവേജ് പ്ളാന്റ് പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കാൻ സമീപത്തെ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി

 കൊച്ചി കായലിലേക്ക് മലിനജലം ഒഴുക്കിവിടുന്നുണ്ടോയെന്നറിയാൻ പരിശോധന നടത്തി

 ജി.സി.ഡി.എയുടെ ടോയ്ലെറ്റിന് കെട്ടിട നമ്പർ നൽകി