കിഴക്കമ്പലം: കിഴക്കമ്പലത്ത് വൈസ് പ്രസിഡന്റ് പ്രസിഡന്റായേക്കും. വൈസ് പ്രസിഡന്റ് ജിൻസി അജിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായാണ് സൂചനകൾ. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാധാമണി ധരണീന്ദ്രനയോ, കെ.പി വിനോദിനെയോ പരിഗണിച്ചേയ്ക്കാം. അടുത്ത ത്രിതല തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ മുന്നണികളിൽ നിന്നും ട്വന്റി 20 യുടെ നേതൃ നിരയിലേക്കെത്തിയ ആരെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കില്ല. നിലവിൽ സംഘടനയിൽ നിന്ന് വിട്ടു പോയ മൂന്നു പേരും വിവിധ രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിച്ച് എത്തിയവരാണ്. ആദ്യം പുറത്ത് പോയ എം.വി ജോർജ് സി.പി.എമ്മിൽ നിന്നും, ലാലു വർഗീസ് കോൺഗ്രസിൽ നിന്നും, നിലവിൽ കെ.വി ജേക്കബ് സി.പി.ഐ യിൽ നിന്നും വേർപെട്ട് സംഘടനയിൽ എത്തിയവരാണ്. കിഴക്കമ്പലത്ത് തുടർ ഭരണം പ്രതീക്ഷിക്കുന്ന ട്വന്റി 20 തിരഞ്ഞെടുപ്പിലേക്കെത്താനുള്ള 9 മാസം കൊണ്ട് വൻ കുതിപ്പിനാണ് ഒരുങ്ങുന്നത്. അറ്റ കുറ്റ പണികൾക്കായി അടച്ചിട്ട ഭക്ഷ്യ സുരക്ഷ മാർക്കറ്റ് കഴിഞ്ഞ ദിവസം തുറന്നു.

ജനകീയ കൺവെൻഷൻ 12 ന്

12 ന് നടക്കുന്ന ജനകീയ കൺവെൻഷനിൽ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും പ്രഖ്യാപിക്കും. അതേ സമയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ച കെ.വി.ജേക്കബ് ജനകീയ കൂട്ടായ്മയായ ട്വന്റി20 ക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് ഭാരവാഹികളുടെ യോഗം പ്രഖ്യാപിച്ചു. ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും, ഇദ്ദേഹത്തിന്റെ പ്രവർത്തികൾ സംഘടനക്ക് മാനക്കേടുണ്ടാക്കിയതായും യോഗം വിലയിരുത്തി.