പറവൂർ : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകളും ജലസ്രോതസുകളും നവീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം ആനച്ചാൽ തോടിന്റെ മാവിൻചുവട് മുതൽ തെക്കേ ആനച്ചാൽ വരെ പുനരുദ്ധരിക്കും. തോടിന്റെ വീതി തിട്ടപ്പെടുത്തി ആഴം വർദ്ധിപ്പിക്കും. ഇരു വശത്തേയും കാട് വെട്ടിത്തെളിച്ച് വെള്ളം കയറിയിറങ്ങുന്നതിനും രണ്ട് പാലങ്ങളുടെയും ഇരുവശങ്ങളിലും റെയിൽവേലി സ്ഥാപിച്ച് മാലിന്യരഹിതമാക്കുന്നതിനും നടപടിയാരംഭിച്ചു. ഈ പരിസരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലീസിനെ രേഖാമൂലം അറിയിക്കും. ലൈറ്റുകളും കാമറകളില്ലാത്ത സ്ഥലങ്ങളിൽ കാമറകളും സ്ഥാപിക്കാനും ആനച്ചാലിൽ കൂടിയ ജനകീയ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു അദ്ധ്യക്ഷത വഹിച്ചു.
ജി.ഡി. ഷിജു (ചെയർമാൻ) എ.എം. അലി, ജോർജ് മേനാച്ചേരി (വൈസ് ചെയർമാൻ) കെ.ആർ. നന്ദകുമാർ (ജനറൽ കൺവീനർ) ഒ.കെ. ആനന്ദൻ, അസീമുദ്ദീൻ (കൺവീനർ) പ്രബിത ജിജി (ട്രഷറർ) ചന്ദ്രബോസ്, അഭിലാഷ്, സരസമ്മ ബോബൻ, സരോജനി (അംഗങ്ങൾ) എന്നിവരുടെ ജനകീയ കമ്മിറ്റി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ പ്രവർത്തകരും പരിസരവാസികളും പങ്കെടുത്തു.