മൂവാറ്റുപുഴ:വയോജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും തിരിച്ചറിയാനുളള പഠനവുമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂൾ വിദ്യാർത്ഥികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വയോജനങ്ങളെ നേരിൽ കണ്ടാണ് വിവരങ്ങൾ ശേഖരിച്ചു. മാറാടി ഏയ്ഞ്ചൽ വോയിസ് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന തെരേസ ഭവൻ വൃദ്ധസദനവും സന്ദർശിച്ചു. വയോജനങ്ങളിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് മനസിലാക്കാൻ വിദ്യാർത്ഥികളുടെ ഈ സന്ദർശനം സഹായകമായെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ധിഖി പറഞ്ഞു. സർവേയ്ക്കിടയിൽ റോഡരികിൽ വിശന്നുവലഞ്ഞ് കിടന്ന മാരിമുത്തു എന്ന ഭിന്നശേഷിക്കാരനായ വൃദ്ധന് ഭക്ഷണം നൽകാനും വിദ്യാർത്ഥികൾ തയ്യാരായത് മാതൃകാപരമാണ്. ചിന്തകളിലെ വാർദ്ധക്യമകറ്റുന്ന വയോഹിതം എന്ന് പേരിട്ടിരിയ്ക്കുന്ന പദ്ധതി തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ചേർന്നാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് തല സർവേയുടെ ഉദ്ഘാടനം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ.പി ബേബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുരളി കെ.എസ്, ബാബു തട്ടാർക്കുന്നേൽ, പ്രിൻസിപ്പൽ റോണി മാത്യു, പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, മദർ പിടിഎ പ്രസിഡന്റ് സിനിജ സനൽ, ഡോ.അബിത രാമചന്ദ്രൻ, വിനോദ് ഇ.ആർ, പൗലോസ് റ്റി എന്നിവർ സംസാരിച്ചു.