കിഴക്കമ്പലം: പണിമുടക്ക് ദിവസം തുറന്ന കടകൾ അടപ്പിക്കാൻ ശ്രമം. പള്ളിക്കരയിൽ സംഘർഷാവസ്ഥ.കഴിഞ്ഞ രണ്ടു വർഷമായി പണിമുടക്കുകൾക്കോ, ഹർത്താലിലോ പള്ളിക്കരയിൽ കടകൾ അടയ്ക്കുന്ന പതിവില്ല. എന്നാൽ ഇന്നലെ തുറന്ന സൂപ്പർ മാർക്കറ്റ് അടപ്പിക്കാൻ പണിമുടക്ക് അനുകൂലികൾ നടത്തിയ ശ്രമമാണ് സംഘർഷത്തിന് വഴിവെച്ചത്. വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് സി.ജി ബാബു, പി.വി പൗലോസ്, ബിജു ജേക്കബ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹർത്താലിൽ പങ്കെടുക്കുന്നില്ലെന്ന് വ്യാപാരി വ്യവസായ ഏകോപനസമിതി എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചിട്ടുള്ളതാണെന്നും ഇതുവരെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇവിടെ ഉണ്ടായിട്ടില്ലെന്നും വ്യാപാര വ്യവസായ ഏകോപനസമിതി പ്രസിഡന്റ് സി.ജി ബാബു പറഞ്ഞു. ഹർത്താൽ രഹിത പള്ളിക്കര എന്ന തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്നോട്ട് പോകില്ലെന്നാണ്
തീരുമാനം. അതേ സമയം ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പ് സ്ഥാപനങ്ങളോട് പണിമുടക്കിൽ സഹകരിക്കാൻ നോട്ടീസ് നല്കിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. കടയ്ക്ക് സമീപം കുത്തിയിരിക്കുക മാത്രമാണ് ചെയ്തതെന്നും കട അടപ്പിച്ചില്ലെന്നും അവർ പറഞ്ഞു.