കോലഞ്ചേരി: ഒറിജിനലിനെ വെല്ലുന്ന വ്യാജൻ, സിനിമാ ഷൂട്ടിംഗിനും, കുട്ടികൾക്ക് കളിക്കാനും എന്ന പേരിൽ ഇറക്കുന്ന നോട്ടുകളാണ് ഒറിജിനലിനെ കടത്തി വെട്ടുന്നത്. 50 രൂപ മുതൽ 2000 വരെയുള്ള നോട്ടുകളുണ്ട്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് പകരം ചിൽഡ്രൻസ് ബാങ്ക് ഒഫ് ഇന്ത്യ എന്നാണെഴുത്ത്. സീരിയൽ നമ്പറിന് പകരം പൂജ്യങ്ങൾ മാത്രം. ഇതു രണ്ടും ഒഴിച്ചാൽ ഒറിജിനൽ മാറി നില്ക്കും. തിരക്കുള്ള കടകളിലും, സ്ത്രീകളും, പ്രായമായവരും നടത്തുന്ന സ്ഥാപനങ്ങളിലും, ലോട്ടറി സ്റ്റാളുകളിലുമൊക്കെ ചില വിരുതന്മാർ ഇത്തരം നോട്ടുകൾകൊണ്ട് കണ്ണിൽ ചോരയില്ലാത്ത കബളിപ്പിക്കൽ നടത്തുന്നുണ്ട്.
രണ്ട് മാസം മുമ്പാണ് അന്ധ വനിതയെ ഓണംകുളത്ത് സമാന മാതൃകയിൽ കബളിപ്പിച്ചത്. നോട്ടിൽ തടവിയും നീളം അളന്നുമാണ് അന്ധർ മൂല്യം തിരിച്ചറിയുന്നത്. വ്യാജന്മാർ അളവുകളിൽ ഒറിജിനലിന് തുല്ല്യമാണ്. വ്യാജ നോട്ട് നൽകി ചെറിയ തുകയ്ക്ക് എന്തെങ്കിലും വാങ്ങിയ ശേഷം ബാക്കി വാങ്ങി മടങ്ങുകയാണ് രീതി.
ജില്ലയിലെ വിവിധ മേഖലകളിൽ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനക്കാരാണ് പിന്നിലെന്നാണ് സൂചന.