വൈപ്പിൻ : സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുപണിമുടക്ക് വൈപ്പിൻ മേഖലയിൽ പൂർണമായിരുന്നു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നതിനാൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു. ടൂ വീലറുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും തന്നെ ഓടിയില്ല. ബാങ്കുകളും സർക്കാർ ഓഫീസുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു. മുനമ്പം വൈപ്പിൻ മത്സ്യ ഹാർബറുകളിലും പണിമുടക്ക് പൂർണമായിരുന്നു.
ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ പ്രകടനങ്ങൾ നടന്നു. പള്ളത്താംകുളങ്ങരയിൽ നടന്ന തൊഴിലാളികൂട്ടായ്മ ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എ. അലി അക്ബർ, കെ.ആർ. സുഭാഷ്, പി.വി. ലൂയിസ്, എ.പി. പ്രനിൽ, എൻ.എ. ജെയിൻ , കെ എസ് അജയകുമാർ, എം.ബി. ഭർതൃഹരി, ജിനു ഫ്രെഡി തുടങ്ങിയവർ സംസാരിച്ചു. ചെറായി ദേവസ്വം നടയിൽ നടന്ന യോഗത്തിൽ എൽ.ജെ.ഡി നേതാവ് ജെ.ബി. ഭട്ട് , സൂരജ് (എഫ്.എസ്.ഇ.ടി.ഒ), പി.ബി. സജീവൻ, പി.വി. ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.
# സി.പി.ഐ വിട്ടുനിന്നു
സി.പി.ഐ കൂടി ഉൾപ്പെട്ട പണിമുടക്ക് ആയിരുന്നുവെങ്കിലും വൈപ്പിൻ മേഖലയിൽ സി.പി.ഐ നേതാക്കളും പ്രവർത്തകരും യോഗങ്ങളിൽ പങ്കെടുക്കാതെ മാറിനിന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശത്തെ സമരപരിപാടികളുടെ നേതൃത്വം തങ്ങളെ എൽപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ മാറി നിന്നത്.