eva
photo

കൊച്ചി: 'ഗർഭാവസ്ഥയിൽ ഡോക്‌ടർമാർ മരണം വിധിച്ചു. ജനിച്ചാൽ പോലും കൈയും കാലും ഉണ്ടാകില്ലെന്നും പറഞ്ഞു. പക്ഷേ, ദൈവം അവളെ എന്റെ കൈയിൽ സുരക്ഷിതമായി ഏൽപ്പിച്ചു. 17 വയസ് വരെ പൊന്നോമനയായി വളർത്തി. ഇതിനായിരുന്നോ എനിക്ക് അവളെ തന്നത് ദൈവമേ...' വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ കാമുകൻ കൊന്നുതള്ളിയ കലൂർ താണിപ്പിള്ളിയിൽ ഗോപികയെന്ന ഇവ ആന്റണിയുടെ പിതാവ് വിനോദ് വീട്ടുമുറ്റത്ത് നിന്ന് വിങ്ങിപ്പൊട്ടി .

' എട്ട് മാസമായി ആ പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ എന്നോട് പലപ്പോഴും പരാതി പറഞ്ഞു. ഒരു തവണ ഞാനും സുഹൃത്തും കൂടി സഫറിനെ കണ്ട് മകളെ ശല്യം ചെയ്യരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ലെന്ന് അവൻ ഉറപ്പും നൽകി. മകളെ പഠിപ്പിക്കാനായി കൊറിയർ സ്ഥാപനത്തിൽ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നു. അവിടത്തെ സാർ സഫറിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. അവൻ മോളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മകളോടും ഇക്കാര്യം സഫർ നേരിട്ടു പറഞ്ഞു. അതിനാൽ അവൾക്ക് സ്‌കൂളിൽ പോകാൻ ഭയമായിരുന്നു. കഴിഞ്ഞദിവസം സ്‌കൂളിൽ കൊണ്ടാക്കി. കൂട്ടുകാർക്കൊപ്പമാണ് മടങ്ങിവരവ്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് സാധാരണ കയറുന്ന സ്‌റ്റോപ്പിൽ നിന്ന് മാറി അടുത്ത സ്‌റ്റോപ്പിൽ നിന്ന് ബസിൽ കയറുമെന്ന് പറഞ്ഞ് മകൾ പോയതായി സഹപാഠികൾ പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഒരു പിറന്നാൾ പാർട്ടിയുണ്ടെന്നും വൈകുമെന്നും പറഞ്ഞു. അതിനാലാണ് വൈകിയപ്പോഴും തിരക്കാതിരുന്നത്. രാത്രിയായതോടെ പൊലീസിൽ പരാതി നൽകി. അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിയതെന്ന് അറിയില്ല. അവൻ മകളുടെ പിന്നാലെയുണ്ടെന്ന് തിരിച്ചറിയാനുമായില്ല.. ' ആ പിതാവ് പൊട്ടിക്കരഞ്ഞു.

ഇവ എത്താൻ വൈകിയതോടെ സഫറിന്റെ മൊബൈലിൽ വിളിച്ചതായി ഇവയുടെ സഹോദരി വെളിപ്പെടുത്തി. ഫോൺ എടുത്തില്ല. തമിഴിലുള്ള സന്ദേശമാണ് ഫോണിലൂടെ ലഭിച്ചത്. പിന്നീട് സ്വിച്ച് ഒഫായി. പ്രായപൂർത്തിയാകാത്ത പെണ്ണാണ്, കേസ് സ്ട്രോംഗാകും എന്ന മെസേജ് സഫറിന് അയച്ചെങ്കിലും അയാൾ പ്രതികരിച്ചില്ലെന്ന് സഹോദരി പറഞ്ഞു.