മൂവാറ്റുപുഴ: വിലകയറ്റം തടയുക, പൊതു വിതരണം ശക്തിപ്പെടുത്തുക, കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, കർഷകരുടെ കടങ്ങൾ എഴുതിതളളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വർഗ്ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും പൂർണം. മൂവാറ്റുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. പെട്ടികടകൾ പോലും തുറന്നിരുന്നില്ല. സ്വകാര്യവാഹനങ്ങളുൾപ്പടെ ഒരു വാഹനങ്ങളും നിരത്തിൽ ഓടിയില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയതിനാൽ സർവീസ് നടത്താനായില്ല. അദ്ധ്യാപകരും, സർക്കാർ ജീവനക്കാരും പണിമുടക്കിയതിനാൽ ആഫീസുകളും സ്ക്കൂളുകളും പ്രവർത്തിച്ചില്ല.ബി.എം.എസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിനുകളും , അദ്ധ്യാപക-സർവീസ് സംഘടനകളും , കർഷക തൊഴിലാളികളും, കർഷകരും പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. കോടതി പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് പി.ആർ. മുരളീധരൻ,അഡ്വ. പി.എം . ഇസ്മായിൽ, സി.കെ. സോമൻ, എം .എ. സഹീർ, പി.എം. ഏലിയാസ്, ടി.എം.ഹാരീസ് ,സാബുജോസഫ്, കെ.എ. അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി. പ്രകടനം നഗരം ചുറ്രി കച്ചേരിത്താഴത്ത് സമാപിച്ചു. യോഗത്തിൽ വിവിധ യൂണിയൻ നേതാക്കൾ പ്രസംഗിച്ചു. പായിപ്ര, വാളകം, മാറാടി, ആരക്കുഴ, ആവോലി, മഞ്ഞളളൂർ, കല്ലൂർക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലും പണിമുക്ക് പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങളുൾപ്പടെ ഓടിയില്ല. കർഷക തൊഴിലാളികൾ ഗ്രാമീണ ഹർത്താൽ പ്രഖ്യാപിച്ചിരുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലും കടകളും തുറന്നിരുന്നില്ല. പണിമുടക്കിയ തൊഴിലാളികൾ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വിവധ ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ പ്രകടവും യോഗവും നടത്തി.