കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ എത്രയുംവേഗം കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസന്വേഷണം സി.ബി.ഐക്കു വിട്ട് സർക്കാർ ഉത്തരവിട്ട സാഹചര്യത്തിൽ ഫയലുകൾ സി.ബി.ഐക്കു കൈമാറാൻ കഴിഞ്ഞ ഒക്ടോബറിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ലെന്നാരോപിച്ച് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയും മക്കളും അമ്മയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് അറസ്റ്റിലായ രാജ്കുമാർ 2019 ജൂൺ 21 നാണ് പൊലീസ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. രാജ്കുമാറിന്റെ ഭാര്യയും മക്കളും അമ്മയും സി.ബി.ഐ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ അന്വേഷണം സി.ബി.ഐക്കു വിട്ട് ഉത്തരവിറക്കിയത്. തുടർന്ന് ഫയലുകൾ കൈമാറാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോടു നിർദ്ദേശിച്ചു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചില്ലെന്ന പേരിൽ സി.ബി.ഐ അന്വേഷണം ഇതുവരെ ഏറ്റെടുത്തില്ലെന്നും അന്വേഷണം നിലച്ചെന്നും രാജ്കുമാറിന്റെ ഭാര്യയും മക്കളും നൽകിയ ഹർജിയിൽ പറയുന്നു. 2019 ആഗസ്റ്റ് 16 ന് അന്വേഷണം സി.ബി.ഐക്കു വിട്ട് സർക്കാർ ഉത്തരവിറക്കിയെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി ഇതു റദ്ദാക്കി. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ഏത് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് ഇൗ പ്രതി കീഴടങ്ങേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം എത്രയുംവേഗം ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.