കൊച്ചി : ബിനാമി സ്വത്ത് ഇടപാടുണ്ടെന്ന ആരോപണത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തിനെതിരെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം.
ജേക്കബ് തോമസ് തമിഴ്നാട്ടിൽ ബിനാമി സ്വത്തിടപാടു നടത്തിയെന്നാരോപിച്ച് കണ്ണൂർ സ്വദേശി സത്യൻ നരവൂർ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് എസ്.പിയോടു നിർദ്ദേശിച്ചത്. ഇത് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ജേക്കബ് തോമസിന്റെ വാദം. ബിനാമി സ്വത്ത് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ളത് ഇൻകംടാക്സ് വകുപ്പിനാണ്. ഇസ്ര അഗ്രോടെക് സിസ്റ്റംസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിനെക്കുറിച്ച് ഇൻകംടാക്സ് നടത്തിവന്ന അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ ഇടപാടുകളെത്തുടർന്നുള്ള പരാതി അവിടെ അന്വേഷിക്കുന്നതിനു പകരം കേരള സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.