periya-murder

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഒന്നു മുതൽ പതിനൊന്ന് വരെ പ്രതികളായ എ. പീതാംബരൻ, സജി.സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, എ. മുരളി, ടി. രഞ്ജിത്ത്, കുട്ടൻ എന്ന പ്രദീപ് എന്നിവർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് തള്ളിയത്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ പ്രതികൾ വധിച്ചത്. ഇൗ കേസിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി അന്വേഷണം സി.ബി.ഐയ്ക്കു വിട്ടിരുന്നു. കുറ്റപത്രം നിലവിലില്ലാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് നിയമപരമല്ലെന്നും കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന വ്യവസ്ഥ ഇതിനു ബാധകമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമയബന്ധിതമായി നൽകിയിരുന്നതിനാൽ ഇൗ വ്യവസ്ഥയുടെ ഇളവ് പ്രതികൾക്ക് ലഭിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റപത്രം റദ്ദാക്കിയെന്ന പേരിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയില്ല. അന്വേഷണം സി.ബി.ഐയ്ക്കു വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സിംഗിൾബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി കുറ്റപത്രം പുനഃസ്ഥാപിച്ചാൽ ഇപ്പോൾ ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാനോ ജാമ്യം റദ്ദാക്കാനോ സാദ്ധ്യമല്ല. - സിംഗിൾബെഞ്ച് വ്യക്തമാക്കി. കേസിലെ എട്ടാം പ്രതി മണിയെന്ന സുബീഷ് ജാമ്യം തേടി പ്രത്യേകം ഹർജി നൽകിയിട്ടുണ്ട്.