കൊച്ചി: കാമുകന്റെ കൊടും ക്രൂരതയ്ക്കിരയായ ഗോപികയെന്ന ഇവയുടെ ദേഹത്തേറ്റത് കത്തികൊണ്ടുള്ള ഇരുപത്തിനാലിലേറെ കുത്തുകൾ. കൊല്ലാൻ തീരുമാനിച്ചു തന്നെയാണ് ഇവയെ സഫർ ചൊവ്വാഴ്ച ഉച്ചയോടെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുമ്പേ കത്തിവാങ്ങി സൂക്ഷിച്ചിരുന്നു.
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് കാമ്പസിലെ ഈശോഭവൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇവ. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും രാത്രിയാകുന്നതിന് മുമ്പ് വീട്ടിൽ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫർ ഇവയെ കാറിൽ കയറ്റിയത്. ആദ്യം മലയ്‌ക്കപ്പാറയിലെത്തി. ചെക്ക് പോസ്‌റ്റിലെ പരിശോധനകൾക്ക് ശേഷം പൊള്ളാച്ചി റൂട്ടിലേക്ക് പോയി. ഇതിനിടയിൽ കാറിലിട്ടായിരുന്നു കൊലപാതകം. പിന്നീട് നാല് കിലാേമീറ്റർ അപ്പുറമുള്ള വരട്ടുപാറയിലെ തേയിലക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് ചെക്ക്പോസ്‌റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ രക്തം കണ്ടതോടെ അവർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സഫറിനെ കൊച്ചിയിൽ നിന്നെത്തിയ പൊലീസ് ഏറ്റുവാങ്ങി. ഇയാൾ കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറാണ്. ഇവയുടെ കുട്ടുകാരുടെ സുഹൃത്തായിരുന്നു സഫർ. അതിലൂടെയാണ് ഇരുവരും പരിചയത്തിലായത്.