കൊച്ചി: ഇനി രണ്ട് ദിവസം മാത്രം. കേരളം ഉറ്റുനോക്കുകയാണ്. 60 മീറ്റർ ഉയരത്തിൽ 19 നിലകളായി നിലകൊള്ളുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ആദ്യം താഴെ വീഴുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്ന മഹാസംഭവത്തിന് മരട് സാക്ഷിയാകും.

ഫ്ലാറ്റുകളിൽ സ്ഫോടക വസ്തു നിറയ്ക്കുന്ന ജോലി ഇന്നലെ പൂർണമായി. വെള്ളം തട്ടിയാൽ മോശമാകാത്ത സൂപ്പർ പവർ 90 എന്ന എമൽഷൻ സ്ഫോടകവസ്തുവാണ് ഉപയോഗിക്കുന്നത്. പൊളിക്കൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ജോലികൾ വിലയിരുത്തി. ഇനിയുള്ള രണ്ട് ദിവസം ഈ സ്ഫോടകവസ്തുക്കളുടെ ക്ഷമത പരിശോധിക്കും. ഡിറ്റനേറ്ററുകൾ ഘടിപ്പിക്കുന്ന ജോലികൾ തുടരും. ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുവാൻ ഫ്ലാറ്റുകൾക്ക് സമീപത്തെ വീടുകളുടെ വിപണി വില വേഗത്തിൽ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

 പേടിക്കേണ്ട,എല്ലാം സുരക്ഷിതം

അതേസമയം, ഫ്ലാറ്റുകൾ താഴെ വീഴുന്നതിനെ ചൊല്ലി ആരും ഭയക്കേണ്ടതില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസിവ്സ് സേഫ്ടി ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ വീടുകളെല്ലാം സുരക്ഷിതമായി തന്നെ നിലനിർത്തിക്കൊണ്ട് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തി കഴിഞ്ഞു. കട്ട കൊണ്ട് കെട്ടിയ എല്ലാ ചുവരുകളും നീക്കി. ഫിറ്റിംഗ്, പ്ലംബിംഗ് ഉപകരണങ്ങൾ എല്ലാം പൊളിച്ചുമാറ്റി .കെട്ടിടം ഒരു അസ്ഥികൂടം മാത്രമായി. ഡിറ്റനേറ്ററുകളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ പ്രൈമറി, സെക്കൻഡറി സർക്യൂട്ടുകൾ ഉണ്ടാകും. പ്രൈമറി സർക്യൂട്ട് ഏതെങ്കിലും കാരണവശാൽ പ്രവർത്തിക്കാതിരുന്നാൽ സെക്കൻഡറി സർക്യൂട്ട്.ഉപയോഗിക്കും. ചുറ്റുപാടുള്ള വൈദ്യുതി ലൈനിൽ നിന്നോ മറ്റോഏതെങ്കിലും തരത്തിൽ ഉരുത്തിരിയുന്ന വൈദ്യുതിതരംഗങ്ങളെ ഇല്ലാതാക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്.ആഘാതം കുറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ്ലൈനിൽ വെള്ളം നിറച്ച് മണൽകുഷ്യൻ ഇട്ടു.നൂറ് മീറ്റർ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കാനാകും.