കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ ഭേദഗതികൾ പിൻവലിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക,മിനിമം പെൻഷൻ 9,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, പരമ്പരാഗത അസംഘടിത കരാർ തൊഴിൽ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
കരാർ തൊഴിലാളികൾ പൂർണമായി പണിമുടക്കി. മത്സ്യ മേഖല പൂർണമായി സ്തംഭിച്ചു.ഫോർട്ടുകൊച്ചി, ചെല്ലാനം, വൈപ്പിൻകര, മുനമ്പം, ഫിഷിംഗ് ഹാർബറിലെ ഒരു ബോട്ടും കടലിലിറങ്ങിയില്ല. യാത്രാ ബോട്ടുകളും പണിമുടക്കി.കളക്ടറേറ്റിൽ ഉൾപ്പെടെ കേന്ദ്ര–സംസ്ഥാന ഓഫീസുകളിലെ ജീവനക്കാർ ഹാജരായില്ല. കപ്പൽശാല, ഫാക്ട്, എച്ച്.ഐ.എൽ, ഐ.ആർ.ഇ,എച്ച്.ഒ.സി, എച്ച്.എം.ടി, കൊച്ചി റിഫൈനറി എന്നീ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ അവശ്യ സർവ്വീസിൽ മാത്രമാണ് തൊഴിലാളികൾ ഹാജരായത്. കൊച്ചി തുറമുഖവും സ്തംഭിച്ചു. 220 ഓളം സ്ഥാപനങ്ങളുള്ള കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോൺ പൂർണ്ണമായുംസ്തംഭിച്ചു. കൊച്ചി തുറമുഖത്തും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലും പണിമുടക്കിയതിനാൽ ചരക്ക് ഗതാഗതം സ്തംഭിച്ചു. മോട്ടോർ വാഹന മേഖലയിൽ അപൂർവ്വം സ്വകാര്യ വാഹനങ്ങൾ ഒഴികെ ബസ്, ലോറി, മിനിലോറി, ടാക്‌സി,
ഒട്ടോറിക്ഷ, ടാങ്കർലോറി എന്നിവഓടിയില്ല.കച്ചവടസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ബാങ്ക്, ഇൻഷ്വറൻസ്, മേഖല പൂർണ്ണമായി സ്തംഭിച്ചു.പണിമുടക്കിയ തൊഴിലാളികൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവുംനടത്തി.
എറണാകുളം കലൂരിൽ ചേർന്ന തൊഴിലാളി കൂട്ടായ്മ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി രാജു, രഘുനാഥ് പനവേലി, ടി ബി മിനി, കെ.പി.കൃഷ്ണൻകുട്ടി, മനോജ് പെരുമ്പിള്ളി, വി അനിൽ , വിശ്വകലാ തങ്കപ്പൻ, സണ്ണി ജോസഫ്, എസ് ഫാരിഷ, പി.എം.ദിനേശൻ, കെ.എൻ.ഗോപിനാഥ്, സി.കെ. മണിശങ്കർ എന്നിവർ സംസാരിച്ചു.