ആലുവ: തുടർച്ചയായി ഗതാഗതതടസം തുടരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഓൺലൈൻ പരീക്ഷാസെന്ററിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കുട്ടമശ്ശേരി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാ സെന്ററിൽ പരീക്ഷയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡിലും മറ്റും പാർക്ക് ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന കീഴ്മാട് സർക്കുലർ റോഡിലെ ഗതാഗതതടസം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരീക്ഷാ സെന്ററിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ജാമർ മൂലം തങ്ങൾക്ക് മൊബൈൽഫോൺ ഉപയോഗിക്കാൻ പറ്റുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.
പൊതുപണിമുടക്ക് ആയിരിന്നിട്ടും ഇന്നലെ ജെ.ഇ .ഇ പരീക്ഷ നടന്നിരുന്നു. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കാറുകളിലും, ഇരുചക്രവാഹനങ്ങളിലുമാണ് പരീക്ഷാർത്ഥികൾ എത്തിയത്. അതിനാൽ റോഡ് തിങ്ങിനിറഞ്ഞ് കാൽനടയാത്രപോലും ദുസഹമാകുന്ന അവസ്ഥയിലായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ആലുവ സി.ഐ വി.എ. നവാസിന്റെ നേതൃത്വത്തിൽ പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് മൊബൈൽ ജാമർ ഒഴിവാക്കണമെന്ന് പരീക്ഷാ സെന്റർ അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കുള്ള സേവനങ്ങൾ തടയാൻ അധികാരമില്ലെന്നും മൊബൈൽ ജാമർ പരീക്ഷാ സെന്ററിന് അകത്ത് മാത്രമാക്കി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഗതാഗതതടസം ഒഴിവാക്കുന്നതിന് ഇന്ന് മുതൽ പരീക്ഷാ സെന്ററിലെ സെക്യൂരിറ്റിയെ ഉപയോഗിച്ച് കുട്ടമശേരി കവല മുതൽ പരീക്ഷാ സെന്റർ വരെയുള്ള ഭാഗങ്ങളിലെ പാർക്കിംഗ് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.