ആലുവ: തുടർച്ചയായി പ്രവർത്തനം നിലയ്ക്കുന്ന മുപ്പത്തടം ജലശുദ്ധീകരണശാല നവീകരിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം കുടിവെള്ളവിതരണം നിലച്ചതിനെ തുടർന്ന് കടുങ്ങല്ലൂർ മേഖലയിൽ മൂന്ന് ദിവസമാണ് ജനം നെട്ടോട്ടമോടിയത്.

മുപ്പത്തടം ശുദ്ധീകരണശാലയിലെ കേബിളുകളും തൊട്ടടുത്തദിവസം ട്രാൻസ്‌ഫോർമറും കത്തിപ്പോയതുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. കുടിവെള്ള പൈപ്പുകളെ ആശ്രയിക്കുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. ശുദ്ധീകരണശാലയിലെ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. മോട്ടോർ കത്തിപ്പോകുന്നതാണ് സ്ഥിരം സംഭവമായി. ട്രാൻസ്‌ഫോമർ കേടായാൽ നന്നാക്കാൻ ദിവസങ്ങൾ വേണ്ടിവരും.

മുപ്പത്തടത്തു നിന്നാണ് കടുങ്ങല്ലൂർ പഞ്ചായത്തിലേക്കും സമീപ പഞ്ചായത്തുകളായ ആലങ്ങാട്,കരുമാലൂർ എന്നിവിടങ്ങളിലേക്കും കുടിവെള്ള വിതരണം നടക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിച്ച് ആവശ്യം ഇരട്ടിയായെങ്കിലും ശാലയുടെ ശേഷി വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 20 എം.എൽ.ഡി വെള്ളം വിതരണം ചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും പകുതിപോലും വിതരണം ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. പറവൂർ വാട്ടർ അതോറിറ്റിയുടെ കീഴിലാണ് മുപ്പത്തടം വരുന്നത്. കാലപ്പഴക്കം വന്ന ജലവിതരണ കുഴലുകൾ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവും അവഗണിക്കുന്നു. പ്രധാന കുടിവെള്ളവിതരണ കുഴലുകൾ 1980 ൽ സ്ഥാപിച്ച ആസ്ബസ്റ്റോസ് കുഴലുകൾ ആയതിനാൽ പലപ്പോഴും പൊട്ടിപ്പോകുന്നതും പതിവാണ്.

പഞ്ചായത്തുകളിലെ ഭരണം മാറുന്നതനുസരിച്ച് പ്രതിപക്ഷത്തെത്തുന്നവർ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നതല്ലാതെ ശുദ്ധീകരണശാലയെ പുനരുദ്ധരിക്കാൻ ആത്മാർത്ഥമായി രംഗത്തില്ലെന്നാണ് ആക്ഷേപം.