 
ആലുവ: ദേശീയ പണിമുടക്ക് ആലുവയിൽ ഭാഗികമായിരുന്നു. നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമീണമേഖലയെ ബാധിച്ചില്ല. ടാക്സി വാഹനങ്ങളും സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളും പണിമുടക്കിൽ പങ്കെടുത്തെങ്കിലും സ്വകാര്യ വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല.
ആലുവ റെയിൽവേ സ്റ്റേഷനിലെ ടാക്സികൾ ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തി. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഹാജർ നില കുറവായിരുന്നു.
പണിമുടക്കിയവർ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിനു മുമ്പിൽ നിന്ന് പ്രകടനവും മാർക്കറ്റിനു മുമ്പിലെ സമരകേന്ദ്രത്തിൽ തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ആനന്ദ് ജോർജ്, എ. ഷംസുദ്ദീൻ, എം.കെ.എ. ലത്തീഫ്, എ.പി. പോളി, കെ.എം. കുഞ്ഞുമോൻ, കെ.ആർ. സദാനന്ദൻ, സൂസൻ തങ്കപ്പൻ, പി. നവകുമാരൻ, പി.എം. റഷീദ്, മാത്യു ജോർജ്, ശിവരാജ് കോമ്പാറ, പി.എം. സഹീർ എന്നിവർ സംസാരിച്ചു. തൊഴിലാളികൾ അവതരിപ്പിച്ച നാടൻപാട്ടും കലാപരിപാടികളും അരങ്ങേറി.