ആലുവ: ഐ.എൻ.ടി.യു.സി ഉൾപ്പെടെ പണിമുടക്കിയ തൊഴിലാളികൾ ആലുവയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചപ്പോൾ കോൺഗ്രസിലെ എ ഗ്രൂപ്പുകാർ വിട്ടുനിന്നു. എ ഗ്രൂപ്പുകാർ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒറ്റയ്ക്ക് തൊഴിലാളി മാർച്ചും പൊതുസമ്മേളനവും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. ജിന്നാസിന് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് മാർച്ച് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എ. അബ്ദുൾ മുത്തലിബ്, എം.ടി. ജേക്കബ്, ബാബു കൊല്ലംപറമ്പിൽ, ജോസി പി. ആൻഡ്രൂസ്, പി.വി. എൽദോസ്, ലത്തീഫ് പൂഴിത്തറ, വി.കെ. ഷാനവാസ്, ഫാസിൽ ഹുസൈൻ, പി.പി. ജെയിംസ്, മുഹമ്മദ് ഷഫീക്ക്, കെ.കെ. ജമാൽ,എം.എ.എം. മുനീർ എന്നിവർ പ്രസംഗിച്ചു.
സി.പി.എം തന്ത്രത്തിൽ ഏതാനും കോൺഗ്രസുകാർ പെട്ടുവെന്ന് എ ഗ്രൂപ്പ്
ആലുവ: ആലുവ മേഖലയിൽ ഏറ്റവും കൂടുതൽ ഐ.എൻ.ടി.യു.സി യൂണിയനുകൾ എ ഗ്രൂപ്പിനായിരുന്നിട്ടും സംയുക്ത ട്രേഡ് യൂണിയൻ പരിപാടികളിൽ നിന്ന് സംഘടനയെ ഒഴിവാക്കിയത് മനപ്പൂർവമാണെന്ന് നഗരത്തിലെ നിരവധി യൂണിയനുകളുടെ ജനറൽ സെക്രട്ടറിയായ ജോസി പി. ആൻഡ്രൂസ് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് പ്രകടനവും മാർച്ചും നടത്തിയത്. തമ്മിൽത്തല്ലിച്ച് വേരുപിടിക്കാനുള്ള സി.പി.എം തന്ത്രത്തിൽ ഏതാനും കോൺഗ്രസുകാർ പെട്ടുപോയെന്നും ജോസി പറഞ്ഞു.