murder

കൊച്ചി: വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ തള്ളിയ കേസിൽ പ്രതി വെട്ടൂർ സ്വദേശി സഫർഷാ (26) നടത്തിയത് രണ്ടാഴ്ചത്തെ ഗൂഢാലോചന. പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യമാണ് അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്. ജീവനെടുക്കാൻ പല പദ്ധതികളും തയ്യാറാക്കി. ഒടുവിലാണ് പെൺകുട്ടിയെ തന്ത്രപൂർവ്വം കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്താൻ തീരുമാനിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.

എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഗോപിക എന്ന ഇവയാണ് (18) കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ തേയില തോട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവൻപൊലിയുന്നത് കണ്ടു നിന്ന ശേഷമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. അതേസമയം, കുത്താൻ ഉപയോഗിച്ച കത്തി തേയില തോട്ടത്തിലേക്ക് എറിഞ്ഞു കളഞ്ഞെന്നാണ് സഫർഷാ മൊഴി നൽകിയിട്ടുള്ളത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സെൻട്രൽ സി.ഐ 'ഫ്ലാഷി'നോട് പറഞ്ഞു. ഇതിനായുള്ള അപേക്ഷ ഇന്ന് നൽകും. കഴിഞ്ഞ ഏഴിന് രാത്രി ഏഴോടെയായിരുന്നു സംഭവം. അതേസമയം,​ ഇവയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഫർഷായെ ഷേക്കൽമുടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആ മിസിംഗിൽ പിടിവീണു

കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറാണ് സഫർഷാ. ചാലക്കുടി വഴിയാണ് യുവതിയുമായി കാറിൽ തമിഴ്‌നാട്ടിലേക്ക് പോയത്. വൈകിട്ട് 6.30ന് മലക്കപ്പാറ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ ഐ ട്വന്റി കാറിലെ മുൻ സീറ്റിൽ ഇവാനെയും ഉണ്ടായിരുന്നു. പിന്നീട് ആളിയാർ ഭാഗത്ത് വച്ച് ഷേക്കൽമുടി പൊലീസ് പരിശോധനയ്ക്ക് തടഞ്ഞു നിറുത്തുമ്പോൾ കാറിൽ യുവാവ് മാത്രമായിരുന്നു. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇതോടെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസിന്റെ ഈ സംശയമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള വരട്ടുപാറയിൽ വച്ചാണ് സഫർഷാ ഇവയുടെ മൃതദേഹം തേയില കാട്ടിലേക്ക് ഉപേക്ഷിച്ചത്. തമിഴ്‌നാട് പൊലീസ്, മലക്കപ്പാറ പൊലീസിന്റെ സഹായത്തോടെ തേയിലത്തോട്ടത്തിൽ മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.