#സി.എം.എഫ്.ആർ.ഐ രാജ്യാന്തര മറൈൻ സിമ്പോസിയം ഇന്ന് സമാപിക്കും
കൊച്ചി: സമുദ്രമത്സ്യമേഖലയുടെ വികസനം കടൽവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമൊതുങ്ങരുതെന്നും മേഖലയിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിക്കുന്നതാവണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര മറൈൻ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മീൻപിടിത്തവും അനുബന്ധകാര്യങ്ങളും കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗമാണെന്ന കാര്യം മറക്കരുത്. എല്ലാവർക്കിടയിലും സമത്വവും തുല്യനീതിയും കൊണ്ടുവരണം. മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക നിലവാരം ഉയരണം. മത്സ്യത്തൊഴിലാളികളെ കൂടി സഹകരിപ്പിച്ചുള്ള പങ്കാളിത്ത പരിപാലനരീതികൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി, മത്സ്യഗ്രാമങ്ങളിലും തുറമുഖങ്ങളിലും പരിപാലന സംഘങ്ങൾ രൂപീകരിച്ചു. ചെറുമീനുകളുടെ നിരോധനമടക്കമുള്ള സർക്കാർ നടപ്പിലാക്കിയ പദ്ധതികളിലൂടെ മത്സ്യമേഖയിൽ കാര്യമായ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കടൽ വിഭവങ്ങൾക്ക് മേലുള്ള അമിതസമർദ്ദം അടിയന്തരമായി കുറയ്ക്കണം. കടലിന്റെ ആവാസവ്യവസ്ഥകൾ സംരക്ഷിച്ചാൽ മാത്രമേ മത്സ്യോത്പാദനം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനാകൂ. ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനും തൊഴിലവസരങ്ങൾ കൂട്ടാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ എ .ഗോപാലകൃഷ്ണൻ മന്ത്രിക്ക് ശംഖ് ഉപഹാരമായി നൽകി. സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിമ്പോസിയം ഇന്ന് സമാപിക്കും.