കൊച്ചി : നഗരത്തിലെ നിലവിലുള്ള പച്ചപ്പ് നിലനിർത്തുന്നതിനും കൂടുതൽ പച്ചപ്പ് സൃഷ്ടിക്കുന്നതിനും ഉതകുന്ന ശാസ്ത്രീയമായ മാപ്പിംഗ് സംവിധാനമായ മാപ്പത്തോൺ പദ്ധതിക്ക് കൊച്ചി കോർപ്പറേഷൻ തുടക്കം കുറിച്ചു. അന്താരാഷ്ട്ര പ്രശസ്തരായ വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ കമ്പ്യൂട്ടർ സംവിധാനമാണ് ഉപയോഗിക്കുന്നത്. അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഇരുപതും സെന്റ് തെരേസാസ് കോളേജിലെ പതിനഞ്ചും വിദ്യാർത്ഥികൾ മാപ്പിംഗിനായി പ്രവർത്തിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ മുഴുവൻ പ്രദേശത്തിന്റെയും പരിസ്ഥിതി സംബന്ധമായ വിവര ശേഖരണം നടത്തും.
# വിവരശേഖരണം കൂട്ടായി
സ്വന്തം ഡിവിഷനിലെ വിവരങ്ങൾ ഗൂഗിൾ എർത്ത് എൻജിൻ സംവിധാനം ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ മനസിലാക്കി വിശദീകരിച്ചുകൊണ്ട് മേയർ സൗമിനി ജെയിൻ ഉദ്‌ഘാടനം നിർവഹിച്ചു. സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, ഡോ. നിർമ്മല പത്മനാഭൻ, സി-ഹെഡ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
# പഠനം ഇങ്ങനെ
കൊച്ചിയിൽ ഭൂമി എങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്തുകയാണ് ആദ്യ ഘട്ടം. അതിനായി ആ ഭൂപ്രദേശത്തെ കെട്ടിടങ്ങൾ, മരങ്ങൾ വളരുന്ന ഭാഗങ്ങൾ, തുറന്ന പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ, നദികൾ, കുളങ്ങൾ, റോഡുകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ആയി തരംതിരിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളെ ജി .പി. എസ് വഴി ശേഖരിച്ച് അപഗ്രഥിച്ചാണ് പഠനം നടത്തുന്നത്.
അതിനു ശേഷം ജന പ്രതിനിധികളോടും വിദഗ്ദ്ധരോടും ഇതിൽ മരങ്ങൾ നടാൻ സാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെത്താൻ ആവശ്യപ്പെടും. തങ്ങളുടെ വാർഡുകളിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് നഗരപ്പച്ച വർദ്ധിപ്പിക്കാനുള്ള സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്തി നിർദ്ദേശിക്കാൻ അവർക്ക് സാധിക്കും. ഇതനുസരിച്ച് ആ ഭൂ വിഭാഗത്തിൽ എവിടെയൊക്കെ എത്ര മരങ്ങൾ നാട്ടു പിടിപ്പിക്കാം എന്ന സ്പെഷ്യൽ മാപ്പ് ഉണ്ടാക്കുന്നതോടെ മാപ്പത്തോൺ എന്ന പ്രക്രിയ അവസാനിക്കും