മൂവാറ്റുപുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച മുളവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും സമ്മേളനവും ശ്രദ്ധേയമായി. മഹല്ല് ഏകോപനസമിതിയുടെ നേതൃത്വത്തിൽ മുസ്ലിംസമുദായാംഗങ്ങൾക്ക് പുറമേ വിവിധക്രൈസ്തവ ദൈവാലയത്തിൽനിന്നു വികാരിമാരും വിശ്വാസികളും, ഹൈന്ദവ സംഘടനാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ റാലിയിൽ പങ്കാളിയായി. പുതുപ്പാടി മുളവൂർ കവലയിൽനിന്ന് ആരംഭിച്ച റാലി മുളവൂർ ഹെൽത്ത് ജംഗ്ഷൻ, ചിറപ്പടി, പി.ഒ.ജംഗഷൻ വഴി പൊന്നിരിക്കപ്പറമ്പിൽ സമാപിച്ചു. തുടർന്ന് പൊന്നിരിക്കപ്പറമ്പിൽ സെന്റ് മേരീസ് യാക്കോബായ പള്ളി ഗ്രൗണ്ടിൽ നടന്ന പൊതു സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ദളിത് നേതാവുമായ കെ. അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ എം.ബി. അബ്ദുൽഖാദർ മൗലവി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ബാബുപോൾ, ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ, സാമൂഹ്യ പ്രവർത്തകനും കോളമിസ്റ്റുമായ പി.ബി. ജിജീഷ്, ഫാദർ ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ, ഫാദർ എൽദോസ് പാറയ്ക്കൽ പുത്തൻപുര, ഫാദർ ഗീവർഗീസ് വാഴാട്ടിൽ, സെന്റ് മേരീസ് ചർച്ച് ട്രസ്റ്റിമാരായ പി.വി.റോയി, എം.വി.ഡേവിഡ് മുളരിയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.