വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന മൂവാറ്റുപുഴ പൂരത്തിലും കുടമാറ്റമാറ്റത്തിലും ഗജകേസരി മലയാലപ്പുഴരാജനും , നാല് ഗജകേസിരികളും അണിനിരന്നപ്പോൾ ഭക്തജനങ്ങൾ നൃത്തചുവടുകളോടെ ഇരുകെെകളും ഉയർത്തി താളപിടിക്കുന്നു..
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന മൂവാറ്റുപുഴ പൂരവും കുടമാറ്റവും വർണാഭമായി. ആയിരക്കണക്കിന് ഭക്തന്മാർ പങ്കെടുത്ത മൂവാറ്റുപുഴപൂരവും കുടമാറ്റവും തിരുവുത്സവത്തിന് വർണപകിട്ടേകി . അഞ്ചാം ദിവസമായ ഇന്നലെ വെെകിട്ട് 4ന് ക്ഷേത്രമെെതാനിയിൽ നടന്ന കുടമാറ്റവും മേളപ്പെരുമയും ആയിരങ്ങൾക്ക് ഹരം പകർന്നു . അഡ്വ . ഡീൻ കുര്യാക്കോസ് എം.പി പൂരത്തിന് തുടക്കം കുറിച്ച് ഭദ്ര ദീപം തെളിയിച്ചു. എൽദോഎബ്രാഹാം എം എൽ എ , നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, മുൻ എം എൽ എ ജോസഫ് വാഴക്കൻ, വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. ബി. കിഷോർ , സെക്രട്ടറി പി.ആർ. ഗോപാലകൃഷ്ണൻ നായർ , ദേവസ്വം മാനേജർ വേലായുധൻ നായർ, ട്രഷറർ പി. രഞ്ചിത് കല്ലൂർ, ബോർഡ് അംഗങ്ങളായ എൻ. ശ്രീദേവി, കെ.സി. സുനിൽകുമാർ, കെ.ബി. വിജയകുമാർ, പി.ജി. അനിൽകുമാർ , ഉത്സവ കമ്മറ്റി കൺവീനർ പി. കൃഷ്ണകുമാർ എന്നിവർപൂരത്തിന് നേതൃത്വം നൽകി. ഗജകേസരി മലയാലപ്പുഴരാജൻ വെള്ളൂർക്കുന്നത്തപ്പന്റെ തിടമ്പ് ഏറ്റി. നാല് ഗജകേസരികൾ അകമ്പടിയായി ഇരുവശവും നിരന്നപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ 51 കലാകാരന്മാർ അണി നിരന്ന പഞ്ചാരിമേളം ഹരമായി.രാത്രി ഭജനയും തുടർന്ന് പളളിവേട്ടയും നടന്നു . ഇന്നു രാവിലെ 7ന് ക്ഷേത്ര കടവിലേക്ക് ആറാട്ട് പുറപ്പാട്.