ആലുവ: കാരോത്തുകുഴി കവലയിൽ നിന്ന് വലത്തേക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗതനിയന്ത്രണം പിൻവലിക്കണമെന്ന് ആലുവ നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അവതരിപ്പിപ്പ പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
രണ്ട് വർഷം മുമ്പ് ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായാണ് കാരോത്തുകുഴി ആശുപത്രി കവലയിൽ നിന്ന് ഗവ. ആശുപത്രി ഭാഗത്തേക്ക് എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് വലത്തേക്കുള്ള ഗതാഗതം അടക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധത്തെ തുടർന്ന് ചെറുവാഹനങ്ങൾക്ക് കപ്പേള കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പഴയ മാർക്കറ്റിലൂടെ പോകുന്നതിന് അനുമതി നൽകി. എന്നാൽ പഴയമാർക്കറ്റിൽ കടുത്ത ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് ഇവിടെ ട്രാഫിക്ക് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചെങ്കിലും കാരോത്തുകുഴി ജംഗ്ഷനിലെ ബാരിക്കേഡുകൾ മാറ്റിയിട്ടില്ല.
കാരോത്തുകുഴി കവലയിലെ ബാരിക്കേഡുകൾ നീക്കി കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ നേരിട്ട് വലത്തേക്ക് തിരിയുന്നതിന് നടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് കൈമാറും. അതേസമയം ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അദ്ധ്യക്ഷ നേരത്തെ നൽകിയിട്ടുള്ള കത്ത് അനുകൂലമായി പരിഗണിക്കുമെന്ന് എസ്.പി നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.