ksrtc-bus

കൊച്ചി : കെ.എസ്.ആർ.ടി.സിയിൽ ഇനിയുള്ള താത്കാലിക ഡ്രൈവർമാരുടെ നിയമനംപോലും പി.എസ്.സി ലിസ്റ്റിൽ നിന്നു വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിലുള്ള താത്കാലിക ഡ്രൈവർമാരുടെ പട്ടിക നൽകണമെന്നും പി.എസ്.സി ലിസ്റ്റിൽ നിന്നുള്ളവരുടെയും അല്ലാത്തവരുടെയും വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നും ഉത്തരവിൽ പറയുന്നു. നിലവിലുള്ള ഷെഡ്യൂളുകൾ, എംപാനലുകാരെ പിരിച്ചുവിട്ടതു മൂലം വെട്ടിക്കുറച്ച ഷെഡ്യൂളുകൾ തുടങ്ങിയവ വിശദീകരിക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

ശബരിമല സീസണിൽ താത്കാലിക ഡ്രൈവർമാരെ നിയമിച്ചപ്പോൾ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ളവരെ ഒഴിവാക്കിയെന്നാരോപിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ ഉൾപ്പെടെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

എംപാനൽ ഡ്രൈവർമാരെ ഹൈക്കോടതി ഉത്തരവനുസരിച്ച് പിരിച്ചുവിട്ടതിനെത്തുടർന്ന് ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നെന്നും ശബരിമല സീസൺ തുടങ്ങിയതോടെ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വന്നെന്നും ഹർജി പരിഗണിക്കവേ കെ.എസ്.ആർ.ടി.സി വിശദീകരിച്ചു. ശബരിമല സീസൺ ആയതിനാൽ ജനുവരി 20 വരെ താത്കാലിക ജീവനക്കാരെ നിയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. എന്നാൽ പി.എസ്.സി ലിസ്റ്റിലുള്ളവർ തയ്യാറായിരുന്നിട്ടും ഇവരെ ഒഴിവാക്കി താത്കാലിക നിയമനം നടത്തിയെന്ന് ഹർജിക്കാർ ആരോപിച്ചു. തുടർന്നാണ് വിവരങ്ങൾ നൽകാൻ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്.