കൊച്ചി: ദക്ഷിണ നാവികത്താവളം മേധാവിയായി റിയർ അഡ്മിറൽ എം.ഡി. സുരേഷ് ചുമതലയേറ്റു. അതിവിശിഷ്ട സേവാമെഡൽ നേടിയ അദ്ദേഹം നാവികരംഗത്ത് മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. റിയർ അഡ്മിറൽ
നാവികത്താവളത്തിലെ പരിശീലനവിഭാഗം മേധാവിയായിരുന്നു. റിയർ അഡ്മിറൽ ആർ.ജെ. നദ്കർണിയുടെ പിൻഗാമിയായാണ് അദ്ദേഹം നിയമിതനായത്.
1984 ജനുവരിയിൽ നാവികസേനയിൽ ചേർന്ന അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാഡമി, ഡിഫൻസ് സർവീസ് ട്രെയനിംഗ് കോളേജ്, ഗോവയിലെ നേവൽ വാർ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
സേനയുടെ യുദ്ധക്കപ്പലുകളായ രാജ്പുത്, റാണ എന്നിവയിൽ ലെഫ്റ്റനന്റ് കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തരമായി നിർമ്മിച്ച ഐ.എൻ.എസ് ശിവാലിക് യുദ്ധക്കപ്പലിന്റെ ഫസ്റ്റ് കമാൻഡിംഗ് ഓഫീസറുമായിരുന്നു. ഡൽഹിയിലെ നാവിക ആസ്ഥാനത്ത് വാർ റൂം കമാൻഡർ, നേവൽ ഓപ്പറേഷൻസ് ഡയറക്ടർ എന്നീ പദവികളും വഹിച്ചു. ഒമാൻ, യു.എ.ഇ., ഖത്തർ, ബഹറിൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളുടെ ഉപദേഷ്ടാവായിരുന്നു. കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാഡമിയിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. കാലടി ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കൈരളി സുരേഷാണ് ഭാര്യ.