12000 രൂപ ചെലവ്

തോപ്പുംപടി: സോളാർ സൈക്കിൾ റെഡി. ഹെൽമെറ്റ്, ലൈസൻസ്, ബുക്ക്, പേപ്പർ ഒന്നും വേണ്ട. പൊലീസും കൈ കാണിക്കില്ല.സെൻറ്ആൽബർട്സ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായ നിഖിൽ സോമൻ,സിദ്ധാർത്ഥ് ,അഫ്സൽ, നിഖിൽ ജോസഫ് എന്നിവരാണ് സൃഷ്ടാക്കൾ.കോളേജിലെ ഇന്റർനാഷണൽ എക്സ്പോയിൽ പ്രദർശിപ്പിക്കാനാണ് സൈക്കിൾ റോഡിലിറക്കിയത്.20 വാട്സിന്റെ രണ്ട് സോളാറുകൾ മുമ്പിലും പിറകിലും ഘടിപ്പിച്ചിട്ടുണ്ട്. മദ്ധ്യഭാഗത്തായി 12 വോൾട്ട് ഏഴ് ആംപിന്റെ നാല് ബാറ്ററികളും ഉണ്ട്. ഹാൻഡിൽ ബാറിൽ വലത് ഭാഗത്തായാണ് ആക്സിലേറ്റർ.ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 35 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഓട്ടത്തിനിടയിൽ വെയിലത്ത് വീണ്ടും ചാർജ് കയറും. ആക്രിക്കടയിൽ നിന്നും കുറഞ്ഞ വിലക്ക് സൈക്കിൾ വാങ്ങി മിനുക്കി എടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. .ഇന്നലെ സംഘം സൈക്കിളുമായി തോപ്പുംപടിയിൽ എത്തി. എക്സ്പോ ശനിയാഴ്ച സമാപിക്കും. ഇന്നലെ മുതൽ സൈക്കിൾ വിദ്യാർത്ഥികൾ പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് സോളാർ സൈക്കിൾ നിരത്തിലിറക്കുന്നതെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. ചാർജ് കൺട്രോളറും സൈക്കിളിൽ ഘടിപ്പിച്ചിട്ടുണ്ട്. പുറകിൽ സ്റ്റാൻഡ് സ്ഥാപിച്ച് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.