പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെളളക്ഷാമത്തെ തുടർന്ന് വീട്ടമ്മമാർ കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ സമരം ഉച്ചവരെ തുടർന്നു.തുടർന്ന് അസി.എക്സി.എൻജിനിയർ അടിയന്തിരമായി പരിഹാരം കാണുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം എത്തുന്നില്ല. ബദൽ സംവിധാനമെന്ന നിലയിൽ ടാങ്കർ ലോറിയിലും അധികാരികൾ കുടിവെള്ളം എത്തിക്കാത്തതിനെ തുടർന്നാണ് ക്ഷുഭിതരായ വീട്ടമ്മമാർ സമരത്തിനിറങ്ങിയത്.വാർഡ് മെമ്പർ എം.പി.രത്തന്റെ നേതൃത്വത്തിൽ നടന്ന കുത്തിയിരുപ്പ് സമരത്തിൽ മേരി, ജയ, സുശീല, ജാൻസി എന്നിവർ നേതൃത്വം നൽകി.