സ്വീവേജ് പ്ളാന്റുകളില്ലാതെമറൈൻഡ്രൈവിലെ അപ്പാർട്ട്മെന്റുകൾക്ക്

എങ്ങനെ അനുമതി നൽകി

കൊച്ചി : മറൈൻ ഡ്രൈവിനു സമീപത്തെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ ദിനംപ്രതി നീക്കം ചെയ്യാൻ കൊച്ചി കോർപ്പറേഷൻ സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.അപ്പാർട്ട്മെന്റുകളിൽ നിന്ന് കായലിലേക്ക് സ്വീവേജ് മാലിന്യം തള്ളാൻ സ്ഥാപിച്ച പൈപ്പുകൾ അടയ്ക്കുന്ന ജോലി മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇൗ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ ജി.സി.ഡി.എയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലേക്കുള്ള പൈപ്പ് ലൈനിൽ അപ്പാർട്ട്മെന്റുകളിൽ നിന്നുള്ള സ്വീവേജ് പൈപ്പുകൾ കണക്ട് ചെയ്യാനുള്ള സാദ്ധ്യത പരിശോധിക്കാനും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മറൈൻഡ്രൈവിന്റെ നവീകരണത്തിന് ഹൈക്കോടതി നിർദ്ദേശിച്ച നടപടികൾ നടപ്പാക്കിയില്ലെന്നാരോപിച്ച് രഞ്ജിത്ത്. ജി. തമ്പി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മറൈൻഡ്രൈവിലെ അപ്പാർട്ട്മെന്റുകൾക്ക് സ്വീവേജ് പ്ളാന്റുകളില്ലെന്ന വിശദീകരണം പരിഗണിച്ച ഹൈക്കോടതി എങ്ങനെയാണ് ഇൗ അപ്പാർട്ട്മെന്റുകൾക്ക് അനുമതി നൽകിയതെന്ന് നഗരസഭയോടു വാക്കാൽ ചോദിച്ചു. ഇത്തരത്തിൽ മാലിന്യങ്ങൾ കായലിലേക്ക് ഒഴുക്കി വിടുന്നത് ദൗർഭാഗ്യകരമാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.