കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ഈ രാത്രി കൂടി കഴിഞ്ഞാൽ നിലംപൊത്തും. പരിസരവാസികളുടെ നെഞ്ചിടിപ്പ് ഉയരുമ്പോഴും മരടിൽ സർവ്വം സജ്ജമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുന്നു.
നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ, ആപത്തില്ലാതെ ഫ്ലാറ്റുകൾ പൊടിച്ചെടുക്കുകയാണ് ഇവർക്ക് മുന്നിലെ വെല്ലുവിളി. പൊളിച്ചുമാറ്റേണ്ട നാല് ഫ്ളാറ്റുകളിലും എമൽഷൻ എക്സ്‌പ്ലോസീവ്സ് കഴിഞ്ഞ ദിവസം തന്നെ നിറച്ചുകഴിഞ്ഞു.
പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ് സേഫ്ടി ഓർഗനൈസേഷൻ (പെസോ), ഐ.ഐ.ടി സംഘങ്ങൾ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. ഇന്നും പരിശോധന തുടരും.
സ്ഫോടനത്തിന്റെ ആഘാതം പഠിക്കാനെത്തിയ ചെന്നൈ ഐ.ഐ.ടി സംഘം പ്രദേശത്ത് പ്രകമ്പനം അളക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലിയിലേക്ക് കടന്നു. ആൽഫയ്ക്കും എച്ച്.ടു.ഒയ്ക്കും സമീപം മൂന്ന് പോയിന്റുകളിലാണ് പ്രകമ്പനം അളക്കുക.
ലേ-മെറിഡിയൻ അനക്സിന്റെയും ജെയിൻ കോറൽ കോവിന് സമീപത്തെ രണ്ട് വീടുകളുടെയും സ്ട്രക്ചറൽ ഓഡിറ്റ് റിപ്പോർട്ട് സാങ്കേതിക സമിതി പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന് സമർപ്പിച്ചു. ആൽഫയ്ക്ക് സമീപമുള്ള 14 വീടുകളുടെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രങ്ങൾ (ബ്ലാസ്റ്റിംഗ് ഷെഡ്)
1. എച്ച്.ടു.ഓ ഹോളിഫെയ്ത്ത് - കെട്ടിടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ ദേശീയപാതയിൽ കുണ്ടന്നൂർ പാലത്തിന്റെ തുടക്കത്തിൽ
2. ആൽഫ സെറീൻ - കായലിനോട് ചേർന്ന് മറുകരയിലുള്ള ബി.പി.സി.എൽ കെട്ടിടത്തിന് അടുത്ത്
3.ജെയിൻ കോറൽ കോവ് - നെട്ടൂരിലെ എസ്.എച്ച്.എം ഷിപ്പ് ടെസ്റ്റിംഗ് സെന്ററിനോട് ചേർന്ന്
4. ഗോൾഡൻ കായലോരം - കെട്ടിടത്തിൽ നിന്നും നൂറ് മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന്
മൂന്ന് കൺട്രോൾ റൂമുകൾ
1.മരട് നഗരസഭ - ആൽഫാസെറിനും എച്ച്.ടു.ഒ ഫ്ലാറ്റിനും
2. ജെയിനിന് അടുത്തുള്ള സ്വകാര്യ കെട്ടിടം - ജെയിൻ കോറൽ കോവിന്
3.ജല ഗതാഗത ഓഫീസ് - ഗോൾഡൻ കായലോരത്തിന്