ആലുവ: പെരിയാർവാലി പറവൂർ ബ്രാഞ്ച് കനാലിൽ വെള്ളം അടിയന്തരമായി തുറന്നുവിട്ട് കൃഷിഭൂമിയെ വരൾച്ചയിൽ നിന്ന് രക്ഷിക്കണമെന്ന് ചുണങ്ങംവേലി പൗരസമിതി ആവശ്യപ്പെട്ടു. കനാൽവെള്ളത്തെ മാത്രം ആശ്രയിച്ചു നട്ടുവളർത്തിയ കൃഷിയിനങ്ങൾ ചൂട് കൂടിയതോടെ നശിക്കുന്നതായാണ് പരാതി.

കീഴ്മാട്, എടത്തല പഞ്ചായത്തുകളിൽ പെടുന്ന ചുണങ്ങംവേലി, പള്ളിക്കുന്ന്, നാലാംമൈൽ, പേങ്ങാട്ടുശേരി, സഹൃദയപുരം, എടയപ്പുറം, അശോകപുരം മേഖലകളിലെ വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ വിളകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. വിളകൾ വെള്ളം കിട്ടാതെ വാരിക്കരിഞ്ഞുണങ്ങുന്നതായി കർഷകർ ചൂണ്ടിക്കാണിച്ചു. കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതിനാൽ കീഴ്മാട്, എടത്തല, ചൂർണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ കിണറുകളും വറ്റിവരണ്ട് തുടങ്ങി. ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായതായി ചുണങ്ങംവേലി പൗരസമിതി കൺവീനർ അഡ്വ. കെ.എ. ആന്റണി പറഞ്ഞു.

കനാലിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒരു മാസമായി വെള്ളം തുറന്നുവിടുന്നില്ല. അതു പൂർത്തിയായാൽ ഉടനെ വെള്ളം തുറന്നു വിടുമെന്നാണ് അധികൃതർ പറയുന്നത്.