കൊച്ചി: പച്ചാളത്ത് മേല്പാലം നിർമ്മിച്ചപ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള പൈലിംഗിനിടയിൽ വീടുകൾക്ക് വിള്ളലുകൾ വീഴുകയും കെട്ടിടങ്ങൾ ഇരുന്ന്
പോവുകയും ചെയ്തിരുന്നു. നഷ്ട പരിഹാരത്തിനായി ജില്ലാ കളക്ടറെ സമീപിച്ച നാട്ടുകാർക്ക് 40 ശതമാനം വ്യവസ്ഥയിൽ ആനുകൂല്യം അനുവദിക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി പ്രദേശവാസിയായ സന്തോഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. പാലത്തിന്റെ ഇരുവശത്തും താമസിക്കുന്നവർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. മേല്പാലത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് പോലെ നഷ്ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ടെന്നാണ് പരാതിക്കാരുടെ വാദം. കമ്മിഷൻ കൊച്ചി മെട്രോ പദ്ധതി ഡെപ്യൂട്ടി കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്ഥലവിലയുടെ 40 ശതമാനം നൽകാമെന്ന സർക്കാർ വാഗ്ദാനം പരാതിക്കാർ അംഗീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തീരുമാനം അംഗീകരിക്കുന്നതിനായി ഗതാഗതവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഗതാഗതവകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിലുണ്ട്.
കമ്മിഷൻ ഗതാഗതവകുപ്പിൽ നിന്ന് റിപ്പോർട്ട് വാങ്ങി. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.