കൊച്ചി: ഇന്നും നാളെയുമായി മരടിലെ നാല് ഫ്ലാറ്റുകൾ വിജയകരമായി നിലംപൊത്തിയാൽ ഹീറോ പരിവേഷം ലഭിക്കുന്ന ഒരാളുണ്ട്. യുവ ഐ.എ.എസ് ഓഫീസർ സ്നേഹിൽ കുമാർ സിംഗ്. ഫോർട്ടുകൊച്ചി സബ് കളക്ടറായിരുന്ന സ്നേഹിൽ കുമാർ സിംഗിന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയായിരുന്നു. റൂർഖി ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടിയ സ്നേഹിൽ കുമാറിനായിരുന്നു സെപ്തംബർ 25 മുതൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ചുമതല. ഫ്ലാറ്റുകൾ ഒഴിയില്ലെന്ന് മരടിലെ ഫ്ലാറ്റുടമകൾ വാശിപിടിച്ച് സമരം ആരംഭിച്ച സമയത്താണ് സ്നേഹിൽകുമാറിന്റെ വരവ്. അവരെ അനുനയിപ്പിച്ചുംചിലപ്പോൾ കാർക്കശ്യം കാണിച്ചും നിയമത്തിന്റെ വഴി കൊണ്ടുപോവുകയായിരുന്നു. . ഉദ്യോഗസ്ഥവൃന്ദത്തിന്റെയും നാട്ടുകാരുടെയും അപ്രീതി പിടിച്ചുപറ്റിയെങ്കിലും മാദ്ധ്യമങ്ങൾക്ക് കാര്യമായി മുഖം നൽകാതെ കാര്യങ്ങൾ ദ്രുതഗതിയിലാക്കാൻ സ്നേഹിൽകുമാറിനായി. മരടിലെ ഫ്ലാറ്റ് പൊളിക്കൽ ചുമതലയിൽ നിന്ന് തനിക്ക് ലഭിച്ച പാഠം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു സ്നേഹിൽ. അതിങ്ങനെ : 'പൊതുജനത്തിന്റെ പിന്തുണയോടെ മാത്രമേ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ'.