കോലഞ്ചേരി: കന്നുകാലികളെ ബാധിക്കുന്ന ലംപി സ്‌കിൻ രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കാപ്രി പോക്‌സ് ഇനത്തിൽപ്പെട്ട പോക്‌സ് വൈറസാണ് രോഗകാരണം.കൊതുക്, ഈച്ച, പട്ടുണ്ണികൾ തുടങ്ങിയ പരാദജീവികളിലൂടെയാണ് രോഗം പകരുന്നത്.കന്നുകാലികളെ ബാധിക്കുന്ന രോഗം മ​റ്റു മൃഗങ്ങളെയോ മനുഷ്യരേയോ ബാധിക്കില്ലെന്നും രോഗസാംക്രമിക നിരക്കും മരണ നിരക്കും താരതമ്യേന കുറവായതിനാൽ കർഷകർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മാടുകളെ അറവു ശാലകളിലേയ്ക്കായി മറ്റു ജില്ലകളിൽ നിന്നും എത്തിക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

ലക്ഷണം

മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്ന പനിയും തുടർന്ന് ശരീരമാസകലമുണ്ടാകുന്ന മുഴകളുമാണ് പ്രധാന രോഗ ലക്ഷണം.വായ, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലും രോഗലക്ഷണം കാണാറുണ്ട്. ശരീരം ശോഷിക്കുക, കഴല ഗ്രന്ഥികളുടെ വീക്കം, കൈകാലുകളിലെ നീർവീക്കം, പാൽഉത് പാദനത്തിലെ കുറവ്, അബോർഷൻ, വന്ധ്യത തുടങ്ങിയവയും രോഗലക്ഷണങ്ങൾക്കൊപ്പം കാണാറുണ്ട്.

മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗവിമുക്തരാകുമെങ്കിലും പാലുല്പാദനത്തിലെ കുറവ് നീണ്ടു നിൽക്കും.


കന്നുകാലികളെ വാങ്ങുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം,

രോഗലക്ഷണമുള്ളവയെ പ്രത്യേകം പാർപ്പിക്കണം,

കന്നുകാലികളുടെ ശരീരത്തിലെ പരാദ ജീവികളെ നശിപ്പിക്കണം,

തൊഴുത്ത് അണുനാശിനികൾ ഉപയോഗിച്ച് ശുചിയാക്കണം.

മുൻകരുതൽ ഇങ്ങനെ


രോഗം സംബന്ധിച്ച് ജാഗ്രത പാലിക്കാൻ സംസ്ഥാനത്തൊട്ടാകെയുള്ള ക്ലിനിക്കൽ, ലബോറട്ടറി, ഡിസീസ് ഇൻവെസ്​റ്റിഗേഷൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി..സംശയാസ്പദമായ കേസുകളിൽ ജില്ലാ ലബോറട്ടറി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയം നടത്തും.രോഗ ലക്ഷണം കണ്ടെത്തിയാൽ വെ​റ്ററിനറി ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.