കൊച്ചി: മരടിൽ ഫ്ളാറ്റ് തകർക്കുമ്പോൾ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. പറത്തുന്നവർക്കെതിരെ കേസെടുക്കും. ഫ്ളാറ്റ് പൊളിക്കുന്ന സ്ഥലങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ നിരോധനാജ്ഞ നിലവിൽ വരും. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഡ്രോണും ബോട്ടുകളും അനുവദിക്കില്ല. കരയിലും ആകാശത്തും കായലിനും പൊലീസ് നിരീക്ഷണമുണ്ടാകും. ക്രമീകരണങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റുചെയ്യും. സ്‌ഫോടനത്തിന് അഞ്ചുമിനിട്ട് മുമ്പ് ദേശീയപാതയിൽ ഗതാഗതം തടയുമെന്നും കമ്മിഷണർ പറഞ്ഞു.