xavier-pulpatu
ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ 80 -ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആലുവ സ്വരസുധ കിഴക്കേ കടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഉദയാസ്തമയ സംഗീതാർച്ചന കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അര നൂറ്റാണ്ടിലേറെയായി മലയാളികളുടെ മനസിനെ സംഗീതസാന്ദ്രമാക്കിയ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 80 -ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആലുവ സ്വരസുധ കിഴക്കേ കടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഉദയാസ്തമയ സംഗീതാർച്ചന സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി.

സംഗീതപ്രേമികളുടെയും ഗായകരുടെയും തലമുറകളുടെ സംഗമമാണ് നടന്നത്. എൽ.പി സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ എൺപത് പിന്നിട്ടവർ വരെ യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ഗാനങ്ങൾ വേദിയിൽ ആലപിക്കാനെത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച ചടങ്ങ് രാത്രി ഒമ്പതിന് അവസാനിക്കുന്നതുവരെ ഗായകർക്ക് പുറമെ നൂറുകണക്കിന് പേർ പങ്കെടുത്തു. ആരാധകർ ഇത്തരമൊരു പിറന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത് കടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് സംഘാടകർ പറയുന്നു.
'ആയുഷ്മാൻ ഭവ' എന്ന പ്രാർത്ഥനയോടെയാണ് ഉദയാസ്തമയ ഗാനാർച്ചനക്ക് തുടക്കമായത്. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് പ്രസംഗിച്ചു. വൈകിട്ട് നടന്ന ആശംസാ സമ്മേളനം ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്തു. സ്വരസുധ പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സരിഗ സംഗീത അക്കാഡമി ഡയറക്ടർ ഡോ.എസ് ഹരിഹരൻ നായർ, എഴുത്തുകാരി ഗ്രേസി, എസ്. അജിത്ത് കുമാർ, എസ്. പ്രേംകുമാർ, പ്രദീപ് സാരണി, സ്വരസുധ സെക്രട്ടറി ഡോ. സുന്ദരം വേലായുധൻ, കൺവീനർ കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.