കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ചുകൾക്കും റീജിയണൽ ഒാഫീസിനും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുത്തൂറ്റിലെ സമരം ഒത്തുതീർപ്പാക്കാൻ ലേബർ കമ്മിഷണറുടെയും നേരത്തെ കോടതി നിയോഗിച്ച നിരീക്ഷകന്റെയും സാന്നിദ്ധ്യത്തിൽ മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനും നിർദ്ദേശിച്ചു.
തൊഴിലാളി സമരത്തിന്റെ പേരിൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ജോലിക്ക് കയറാൻ തയ്യാറുള്ള ജീവനക്കാരെയും ആക്രമിക്കുന്നതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് കമ്പനി എം.ഡി ജോർജ് അലക്സാണ്ടർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), സെന്റർ ഒഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകളുടെ സമരത്തെത്തുടർന്ന് മുത്തൂറ്റ് കമ്പനി ബുദ്ധിമുട്ടിലാണെന്ന് ഹർജിയിൽ പറയുന്നു. 600 കോടിയോളം രൂപയുടെ നഷ്ടമാണ് സമരങ്ങൾ മൂലം ഉണ്ടായത്. ജോലിക്കു കയറാൻ തയ്യാറാകുന്ന ജീവനക്കാരെ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ ആക്രമിക്കുന്നു. ബിസിനസ് കുറഞ്ഞതോടെ നിയമപ്രകാരം റിസർവ് ബാങ്കിന് മുൻകൂർ നോട്ടീസ് നൽകി 44 ബ്രാഞ്ചുകൾ അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിന്റെ പേരിലും ശമ്പള വർദ്ധനയ്ക്കുമാണ് സമരം നടക്കുന്നത്. അർഹമായ നഷ്ടപരിഹാരം നൽകിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ജനുവരി ഏഴിന് ജീവനക്കാർക്കൊപ്പം ഒാഫീസിലേക്ക് പോകുമ്പോൾ ഹർജിക്കാരനു നേരെ ആക്രമണമുണ്ടായി. പ്രതിയെ പിടികൂടിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഹർജിക്കാരനടക്കമുള്ളവർക്കും ജോലിക്ക് കയറാൻ തയ്യാറാകുന്ന ജീവനക്കാർക്കും മുത്തൂറ്റിന്റെ പ്രധാന ഒാഫീസിലും റീജിയണൽ ഒാഫീസിലും 568 ബ്രാഞ്ചുകളിലും ജോലി ചെയ്യാൻ സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
എന്നാൽ മാനേജ്മെന്റ് അനുരഞ്ജന ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ആദ്യ ഒത്തുതീർപ്പ് ചർച്ചകളിൽ ഇവർ പങ്കെടുത്തിരുന്നില്ലെന്നും സർക്കാർ ബോധിപ്പിച്ചു. തുടർന്നാണ് ഒത്തുതീർപ്പ് ചർച്ച നടത്താൻ നിർദ്ദേശിച്ചത്. ബ്രാഞ്ച് മാനേജർമാർ അറിയിക്കുന്ന മുറയ്ക്ക് ജീവനക്കാർക്ക് ജോലിക്ക് കയറാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.