കോലഞ്ചേരി:ഇടവകക്കാർക്ക് ഇടവക സെമിത്തേരിയിൽ സംസ്ക്കാരം ഉറപ്പാക്കണമെന്ന സർക്കാർ ഓർഡിനൻസ് നില നിൽക്കെ വരിക്കോലി സെൻറ് മേരീസ് പളളിയിൽ യാക്കോബായ ഇടവക അംഗത്തിന്റെ സംസ്ക്കാരം പള്ളിയുടെ ഗേറ്റ് പൂട്ടി ഓർത്തഡോക്സ് വിഭാഗം തടഞ്ഞതായി പരാതി. വരിക്കോലി കാരക്കാട്ട് വീട്ടിൽ കെ.വി ജോസഫിന്റെ (74)സംസ്കാരശുശ്രൂഷ പള്ളിയുടെ സമീപത്തെ ചാപ്പലിൽ നടത്തിയ യാക്കോബായ വിഭാഗം ഗേറ്റിന്റെ താഴ് പൊളിച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തി. മൂവാറ്റുപുഴ ആർ.ഡി.ഒ യും പൊലീസുംഓർത്തഡോക്‌സ് വിഭാഗവുമായി ചർച്ച നടത്തിയെന്നും, ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് താഴ് പൊളിച്ചെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. സർക്കാർ ഓർഡിനൻസിന് വിരുദ്ധമാണ് ഓർത്തഡോക്സ് നിലപാടെന്ന് കാണിച്ച് യാക്കോബായ വിഭാഗം പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. എന്നാൽ മരിച്ചയാൾ ഇടവകാംഗമല്ലെന്നും പൂർവികരെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തിട്ടില്ലെന്നും അതു കൊണ്ടാണ് പള്ളി ഗേറ്റ് തുറന്നു കൊടുക്കാതിരുന്നതെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ.എബ്രാഹം കോനാട്ട് പറഞ്ഞു.