കിഴക്കമ്പലം: വിദേശത്ത് മെഡിക്കൽസീറ്റ് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ജോർജിയയിൽ താമസിക്കുന്ന തൃശൂർ മരത്താക്കര കരക്കാട് വീട്ടിൽ ആൽബർട്ട് ഷാജുവിനെയാണ് (24) കുന്നത്തുനാട് എസ്.ഐ കെ.ടി. ഷൈജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ഞാറള്ളൂർ തുരുത്തുമ്മേൽ ജോർജിന്റെ സഹോദര പുത്രിക്ക് ജോർജിയയിൽ മെഡിക്കൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ ഇവരിൽ നിന്നും കൈക്കലാക്കിയിരുന്നു. പണം കൊടുത്തശേഷം സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിലായ ആൽബർട്ടിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം വിദേശത്തേക്ക് കടക്കാർ ശ്രമിച്ച പ്രതിയെ നെടുമ്പാശേരി എയർപോട്ടിൽ നിന്നാണ് പിടികൂടിയത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.