കാലടി: തിരുവാതിര നാൾ പങ്കിട്ട രണ്ടാം ദിനത്തിലും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പതിനായിരക്കണക്കിനു ഭക്തർ ദർശനം നടത്തി. വ്യാഴാഴ്ച ആരംഭിച്ച തിരുവാതിരയുടെ അവസാന നാഴികകൾ ഇന്നലെ ഉച്ചവരെ ഉണ്ടായിരുന്നതിനാൽ ഈ ദിവസങ്ങൾക്ക് തുല്യപ്രാധാന്യമുണ്ടായിരുന്നു.

ദേവിയുടെ തിരുനടതുറന്നതിനു പിന്നാലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടക്കുന്ന പൂത്തിരുവാതിര ആഘോഷങ്ങളിൽ ശ്രീപാർവതീദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ തിരുവാതിര കൊണ്ടാടാൻ ഇവിടേയ്ക്ക് ഒഴുകി എത്തി. രാത്രി നട അടച്ച് ദേവിയെ ഊട്ടുപുരയിലേക്ക് ആനയിച്ചശേഷം നടയ്ക്കൽ വ്രതമെടുത്ത സ്ത്രീകൾ തിരുവാതിരപ്പാട്ടുപാടി ചുവടുവച്ചു. സ്ത്രീകൾതന്നെ നടയ്ക്കൽ നിവേദിച്ച പാതിരാപ്പൂവും ദശപുഷ്പങ്ങളും മുടിയിൽ ചൂടി കുമ്മിയും കുറത്തിയും ആടി ആഘോഷം സമാപിച്ചു.

കഴിഞ്ഞ രണ്ടു ദിനങ്ങളിലും ഭക്തജനപ്രവാഹം ഏറെയുണ്ടായിരുന്നെങ്കിലും വെർച്വൽ ക്യൂ ഉൾപ്പെടെ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ കൊണ്ട് ഭക്തജനങ്ങൾക്ക് അധികനേരം കാത്തുനിൽക്കാതെ തന്നെ ദർശനം നടത്താനായി.