നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെടുമ്പാശേരിയിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഹൈവേ മാർച്ചിൽ ആയരങ്ങൾ പങ്കെടുത്തു. അത്താണി സ്‌ക്കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നാരംഭിച്ച മാർച്ച് പറമ്പയത്ത് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം സമാപിച്ചു. അൻവർ സാദത്ത് എം.എൽ.എ സംഘാടക സമിതി ചെയർമാൻ എ.എം. അബ്ദുൽ ഖാദറിന് പതാക കൈമാറി മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. എം.ജെ. ജോമി, രാജേഷ് മഠത്തിമൂല എന്നിവർ പങ്കെടുത്തു.
സമാപന പൊതുസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. കെ.എം. അംബുജാക്ഷൻ, ഡോ. പോൾ ചിറ്റിലപ്പിള്ളി, മുഹമ്മദ് അഫ്‌സൽ വാഫി തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, ആലുവ, കളമശ്ശേരി മേഖലകളിലെ മഹല്ലുകളിൽ നിന്നുള്ള പ്രവർത്തകരാണ് ഹൈവേ മാർച്ചിനെത്തിയത്. എസ്. ഹംസ, മജീദ് എളമന, നൗഷാദ് പാറപ്പുറം, അലി കോടോപ്പിള്ളി, മുജീബ് ഊലിക്കര, ജാസിം മനാടത്ത് എന്നിവർ നേതൃത്വം നൽകി.